കൊച്ചി: പിഞ്ചുകുട്ടികളെ അമ്മയുടെ കണ്‍മുന്നില്‍ വച്ച് കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം 30 വര്‍ഷം തടവുശിക്ഷ വിധിച്ചു. റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷിബു (തോമസ് ചാക്കോ-47)വിന്റെ വധശിക്ഷയാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാം സുന്ദര്‍ എന്നിവരുടെ ബെഞ്ച് ഒഴിവാക്കിയത്. 5 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം.
2013 ഒക്ടോബര്‍ 27നായിരുന്നു അരുംകൊല. സംഭവ ദിവസം രാവിലെ 7.30ന് മെബിനും (3) മെല്‍ബിനും (7) താമസിക്കുന്ന വീട്ടിലെത്തിയ ഷിബു മുറ്റത്തു നിന്ന മെല്‍ബിനെ കത്തികൊണ്ട് കുത്തി. തടയാന്‍ ശ്രമിച്ച കുട്ടികളുടെ അമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം വീടിനുള്ളില്‍ കടന്ന് മെബിനെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
അമ്മയുടെ കണ്‍മുന്നില്‍ രണ്ട് പിഞ്ചുകുട്ടികളെ അതിദാരുണമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നു നിരീക്ഷിച്ച പത്തനംതിട്ട ഒന്നാം നമ്പര്‍ അഡീഷനല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി പ്രതി തന്നെയാണു കൊലപാതകം നടത്തിയിരിക്കുന്നത് എന്നതില്‍ തങ്ങള്‍ക്കും സംശയമില്ലെന്നു വ്യക്തമാക്കി.
എന്നാല്‍, ഇത്തരത്തിലൊരു കൊലപാതകത്തിനു വധശിക്ഷയാണോ അതോ നിശ്ചിത കാലയളവിലേക്കുള്ള ജീവപര്യന്തമാകുമോ ഉചിതമാവുക എന്നു സുപ്രീം കോടതിയുടെ വിവിധവിധിന്യായങ്ങള്‍ ഉദ്ധരിച്ചു കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം, പ്രതിയുടെ ജയില്‍ ജീവിത റിപ്പോര്‍ട്ടും പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണു ശിക്ഷ ജീവപര്യന്തം 30 വര്‍ഷമാക്കി കോടതി മാറ്റിയത്.