മുതലാളിയാണ് ശരിക്കും മുതലാളി; മുൻതൊഴിലാളികൾക്ക് വീതിച്ച് നൽകിയത് 8 കോടി രൂപ

ഇങ്ങനെ ഒരു മുതലാളി ഏതെങ്കിലും കാലത്ത് നമുക്കുണ്ടായിരുന്നെങ്കിലെന്ന് ആരും കൊതിച്ചുപോകും. പല കമ്പനി ഉടമകളും എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ തൊഴിലാളികളെ പാടേ അവ​ഗണിക്കാറാണ് പതിവ്. എന്നാൽ, ചൈനയിൽ നിന്നുള്ള ഈ ഫാക്ടറിയുടമ തന്റെ മുൻ തൊഴിലാളികൾക്ക് വേണ്ടി ചെലവഴിച്ചത് എട്ട് കോടി രൂപയാണ്.

സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തന്റെ 400 മുൻ തൊഴിലാളികൾക്കായിട്ടാണ് ഇയാൾ ഇത്രയധികം രൂപ ചെലവഴിച്ചത്. ഫാക്ടറി അടച്ചുപൂട്ടി 20 വർഷത്തിന് ശേഷമാണത്രെ നഷ്ടപരിഹാരമായിക്കിട്ടിയ പണം അദ്ദേഹം വീതിച്ച് നൽകുന്നത്. ഫാക്ടറിയിൽ നിന്നും പിരിഞ്ഞുപോകേണ്ടി വന്ന തൊഴിലാളികൾക്ക് മാത്രമല്ല, രാജി വച്ചവർക്കും മരിച്ചുപോയ തൊഴിലാളികളുടെ കുടുംബങ്ങൾക്കും ഫാക്ടറി ഉടമ പണം നൽകിയിട്ടുണ്ട്. 

സാമ്പത്തികപ്രശ്നങ്ങൾ കാരണം 2000 -ത്തിലാണ് ഫാക്ടറി അടച്ചു പൂട്ടിയത്. പിന്നീട്, ന​ഗരത്തിലെ മുനിസിപ്പൽ ബോഡി ഈ ഭൂമി വാങ്ങുകയും ഫാക്ടറി പൊളിച്ചുമാറ്റുകയും ചെയ്തു. ഭൂമി ഏറ്റെടുക്കൽ 2018 -ൽ പൂർത്തിയായി, കഴിഞ്ഞ വർഷമാണ് ഗുവോയ്ക്ക് ഏകദേശം 8 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചത്. അപ്പോഴാണ് വിരമിച്ചവരായാലും, രാജിവെച്ചവരായാലും, മരിച്ചവരായാലും, ഓരോ മുൻ ജീവനക്കാരനും ഒരു വിഹിതം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചിന്തിച്ചത്.

രണ്ട് ഭാഗങ്ങളായി തിരിച്ചാണ് തുക വീതിച്ചത്. മുൻ ജീവനക്കാർക്ക് 35 ശതമാനവും ഫാക്ടറി അടച്ചുപൂട്ടിയപ്പോഴും ജോലി ചെയ്തിരുന്നവർക്ക് 65 ശതമാനവും. 20 വർഷം മുമ്പ് തന്നെ ഫാക്ടറി അടച്ചുപൂട്ടിയിരുന്നു എന്നതിനാൽ തന്നെ പഴയ തൊഴിലാളികളെയും കുടുംബത്തേയും കണ്ടെത്തുക എളുപ്പമായിരുന്നില്ല. തനിക്ക് ഉറക്കം നഷ്ടപ്പെട്ടു, തന്റെ തടി കുറഞ്ഞു എന്ന് ​ഗാവോ പറയുന്നു. ഒടുവിൽ മീഡിയയുടെയും മറ്റും സഹായത്തോടെയാണ് അദ്ദേഹം തന്റെ പഴയ തൊഴിലാളികളെ കണ്ടെത്തിയത്. 

എന്തായാലും, ഇത്രയും കാലമായിട്ടും അദ്ദേഹം തങ്ങളെ മറന്നില്ലല്ലോ എന്നാണ് ഫാക്ടറിയിലെ പഴയ തൊഴിലാളികളും കുടുംബങ്ങളും പറയുന്നത്. 

(ചിത്രം പ്രതീകാത്മകം)

By admin

You missed