തിരുവനന്തപുരം: ഈശ്വര വിശ്വാസവുമായും ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സി.പി.എമ്മിൻെറ മലക്കം മറിച്ചിൽ. വിശ്വാസപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ക്ഷേത്രങ്ങൾ ഉൾപ്പെടെയുളള ആരാധനാലയങ്ങളിൽ പോകുന്നതിനും പാർട്ടി അംഗങ്ങൾക്കും ഉണ്ടായിരുന്ന വിലക്ക് നീക്കി.
തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് പാർട്ടി അംഗങ്ങൾക്ക് ക്ഷേത്രാരാധനയിലും മറ്റും പങ്കെടുക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയത്. സി.പി.എം അംഗങ്ങളായവർക്ക് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കുന്നതിനും ആരാധനാലയങ്ങളിൽ പോകുന്നതിനും വിലക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടി മെമ്പർമാർക്കിടയിൽ വിശ്വാസികൾ ധാരാളമുണ്ട്. പാർട്ടിമെമ്പറാണ് എന്നത് ആരാധനാലയത്തിൽ പോകുന്നതിന് ഒരു തടസമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഏതൊക്കെ കാര്യങ്ങളിൽ പങ്കെടുക്കണമെന്ന് അംഗങ്ങൾക്ക് തീരുമാനിക്കാം. പാർട്ടി അംഗത്വം നേടുന്നവരെല്ലാം പൂർണമായും കമ്മ്യൂണിസ്റ്റുകളല്ല. കമ്മ്യൂണിസ്റ്റ് ആകുക എന്നത് ഒരു പ്രക്രീയയാണ്. അത് പാർട്ടിയിൽ ചേർന്നയുടൻ തന്നെ സംഭവിക്കുന്നതല്ലെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വിശ്വാസപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിന് പാർട്ടി അംഗങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് നേരത്തെ തന്നെ നീക്കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. 2019ൽ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ വിശ്വാസപരമായകാര്യങ്ങളിൽ പാർട്ടി അംഗങ്ങൾക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കിയിരുന്നു എന്നാണ് നേതൃത്വത്തിൻെറ അവകാശവാദം.
എന്നാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യത്തിൽ ഒരു പരസ്യ പ്രഖ്യാപനത്തിന് തയാറാകുന്നത്. ക്ഷേത്രങ്ങളും അവിടത്തെ ചടങ്ങുകളും ഉപയോഗപ്പെടുത്തി ആർ.എസ്.എസ് വൻതോതിൽ ഹൈന്ദവവൽക്കരണം നടത്തുന്നുവെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നിലപാട് മാറ്റവും പരസ്യ പ്രഖ്യാപനവും.
”ക്ഷേത്രങ്ങളെ ആർ.എസ്.എസ് കൈപ്പിടിയിൽ ആക്കാൻ ശ്രമിക്കുന്നു. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. വിശ്വാസികൾ ആരും വർഗീയ വാദികളല്ല. വർഗീയവാദികൾ യഥാർത്ഥ വിശ്വാസികളുമല്ല. ക്ഷേത്രങ്ങൾ കൈയ്യടക്കാനാണ് ആർ.എസ്.എസിൻെറ ശ്രമം. ക്ഷേത്രമുറ്റത്ത് ശാഖകൾ അടക്കം നടത്തുന്നു. വിശ്വാസികളുടെ കേന്ദ്രങ്ങളിൽ വർഗ്ഗീയ വാദം അനുവദിച്ച് കൊടുക്കാൻ പറ്റില്ല. ആരാധനാലയങ്ങളിൽ ആർക്കും പോകാം. പാർട്ടി മെമ്പർമാർക്കിടയിൽ വിശ്വാസികൾ ധാരാളം ഉണ്ട്. പാർട്ടി അംഗമായിരിക്കുന്നത് ആരാധനാലയത്തിൽ പോകുന്നതിൽ ഒരു തടസമല്ല”-സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
2013ൽ പാലക്കാട് ചേർന്ന സി.പി.എം സംസ്ഥാന പ്ലീനത്തിലെ തീരുമാനങ്ങളാണ് പാർട്ടി വിശ്വാസത്തിന് എതിരാണെന്ന ധാരണ പരത്തിയത്. പ്ലീനത്തിൽ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ട് പാർട്ടി അംഗങ്ങളും നേതാക്കളും വീടുകളിൽ വിശ്വാസപരമായ ചടങ്ങുകൾ നടത്തുന്നതിനും അത്തരം ചടങ്ങുകളിൽ സംബന്ധിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പാർട്ടി അംഗങ്ങൾ സാമുദായിക സംഘടനകളുടെ ഭാരവാഹിത്വം ഏറ്റെടുക്കുന്നതിനെയും പ്ലീനം റിപോർട്ട് വിലക്കിയിരുന്നു. പൂജകളും മറ്റും നടത്തുന്നത് എടുത്തുപറഞ്ഞുളള പ്ലീനം റിപ്പോർട്ട് അന്ന് മാധ്യമങ്ങളിൽ വിമർശനപരമായ വാർത്തകളും വിവാദവുമായി മാറിയിരുന്നു.
പണം പലിശക്ക് കൊടുക്കുന്നതും റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ ഏർപ്പെടുന്നതിൽ നിന്നും പ്ലീനം റിപോർട്ട് പാർട്ടി അംഗങ്ങളെ വിലക്കിയിരുന്നു. എന്നാൽ അതൊക്ക നിർബാധം തുടർന്നപ്പോൾ കർശനമായി നടപ്പാക്കപ്പെട്ടത് വിശ്വാസ പരമായ കാര്യങ്ങളായിരുന്നു. പാർട്ടിയെ സംഘടനാപരമായി ശുദ്ധീകരിക്കുന്നതിനായി നടത്തിയ പ്ലീനത്തിലെ തീരുമാനം നടപ്പായതോടെ പ്രാദേശികമായി ക്ഷേത്ര കമ്മിറ്റികളിൽ നിന്നും സമുദായ സംഘടനകളുടെ ഭാരവാഹിത്വത്തിൽ നിന്നും പാർട്ടി അംഗങ്ങൾക്ക് ഒഴിയേണ്ടി വന്നിരുന്നു.
ആ സ്ഥാനങ്ങളിലേക്കാണ് സംഘപരിവാർ ആസൂത്രിതമായി കടന്നുകയറുകയും സ്ഥാനം ഉറപ്പിക്കുകയും ചെയ്തത്. പാർട്ടി പ്രവർത്തകർ ക്ഷേത്ര കമ്മിറ്റികളിൽ നിന്ന് പിന്മാറിയതോടെ അവിടെ സംഘപരിവാർ പ്രതിനിധികൾ സർവാധിപത്യം നേടി. ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകൾ സംഘടിപ്പിച്ച് വിശ്വാസികളുമായി ആഴത്തിലുളള ബന്ധം ഉണ്ടാക്കിയ സംഘപരിവാർ സ്വാധീനം ഉറപ്പിക്കുകയാണ് ചെയ്തത്.