‘ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നു, ഒരു വര്‍ഷമെടുത്തു’; ‘മണിച്ചിത്രത്താഴ്’ റീമാസ്റ്ററിംഗ് ടീം പറയുന്നു

സിനിമകളുടെ റീ റിലീസ് ഇന്ന് ട്രെന്‍ഡ് ആണ്. ആദ്യ റിലീസ് സമയത്ത് വന്‍ വിജയം നേടിയവയും പ്രതീക്ഷിച്ച വിജയം നേടാനാവാതെപോയ ചിത്രങ്ങളും ഇന്ന് റീ റിലീസ് ആയി എത്തുന്നുണ്ട്. മുന്‍പ് ഫിലിമില്‍ ചിത്രീകരിക്കപ്പെട്ട്, റീലുകളായി സൂക്ഷിക്കപ്പെട്ട ചിത്രങ്ങള്‍ പുതിയ ദൃശ്യ, ശബ്ദ മിഴിവിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് പുന:പ്രദര്‍ശനത്തിന് എത്തുന്നത്. മലയാളത്തില്‍ നിന്ന് വരാനുള്ള രണ്ട് റീ റിലീസുകള്‍ ദേവദൂതനും മണിച്ചിത്രത്താഴുമാണ്. ഇതില്‍ ദേവദൂതന്‍ ഈ മാസം 26 നും മണിച്ചിത്രത്താഴ് ഓഗസ്റ്റ് 17 നുമാണ് തിയറ്ററുകളില്‍ എത്തുക. മണിച്ചിത്രത്താഴിന്‍റെ റീ റിലീസിംഗ് സംബന്ധിച്ച് മാസങ്ങളായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടത് അടുത്തിടെയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റീ റിലീസ് എന്തുകൊണ്ട് നീണ്ടു എന്നതിന്‍റെ കാരണം വിശദീകരിക്കുകയാണ് റീമാസ്റ്ററിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ച മാറ്റിനി നൗ.

ചിത്രത്തിന്‍റെ സൗണ്ട് ട്രാക്കില്‍ നടത്തേണ്ടിവന്ന മാറ്റങ്ങളാണ് തങ്ങളുടെ വലിയൊരളവ് സമയം അപഹരിച്ചതെന്ന് അവര്‍ പറയുന്നു- “ഭാ​ഗ്യവശാല്‍ മണിച്ചിത്രത്താഴിന്‍റെ നിലവാരമുള്ള ഒരു പ്രിന്‍റ് ഞങ്ങള്‍ക്ക് ലഭിച്ചു. അത് 4 കെ റെസല്യൂഷനില്‍ ഞങ്ങള്‍ സ്കാന്‍ ചെയ്തു. അതില്‍ നിന്ന് സാധ്യമായ ഏറ്റവും മികച്ച ദൃശ്യസൂക്ഷ്മത ലഭ്യമാക്കാന്‍ ഞങ്ങളുടെ ക്രിയേറ്റീവ് ടീം അശ്രാന്ത പരിശ്രമം നടത്തി. എന്നാല്‍ ഒരു വലിയ വെല്ലുവിളി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒറിജിനല്‍ ചിത്രത്തിന് മോണോ സൗണ്ട് ട്രാക്ക് ആണ് ഉണ്ടായിരുന്നത്. കാണികള്‍ക്ക് പൂര്‍ണ്ണമായ ഡോള്‍ബി അറ്റ്മോസ് നല്‍കുന്നതിന് വേണ്ടി മോണോ ട്രാക്കിലെ ഒറിജിനല്‍ ശബ്ദങ്ങള്‍ ഞങ്ങള്‍ എടുത്തു. പിന്നീട് പശ്ചാത്തല സം​ഗീതത്തിന്‍റെ ഓരോ നോട്ടും മുന്‍കാലങ്ങളിലേതുപോലെ ഫുള്‍ ഓര്‍ക്കസ്ട്രയില്‍  പുനരാവിഷ്കരിച്ചു. ഏറെ ശ്രമപ്പെട്ട് എഫക്റ്റ്സും റീവര്‍ക്ക് ചെ്യ്തു. പിന്നീട് ഇതെല്ലാം ചേര്‍ത്ത് ഡോള്‍ബി അറ്റ്മോസ് ഫോര്‍മാറ്റിലേക്ക് ആക്കി. ഇതെല്ലാം ചെയ്യാന്‍ ഒരു വര്‍ഷത്തോളമെടുത്തു”, മാറ്റിനി നൗ ടീം പറയുന്നു.

അതേസമയം റീമാസ്റ്ററിംഗ് പതിപ്പിന്‍റെ ടീസര്‍ ഇന്ന് വൈകിട്ട് എത്തും. 6.30 നാണ് റിലീസ്.

ALSO READ : ‘ആരും കാണാതെ’; ‘ഴ’ സിനിമയിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin