വ്യായാമത്തിന് മുന്‍പുള്ള പ്രീ വര്‍ക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. വർക്കൗട്ടിനു മുമ്പായി കഴിക്കാവുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് നേന്ത്രപ്പഴം. ഇത് ശരീരത്തിന്റെ ഊര്‍ജനില കൂട്ടാന്‍ ഗുണകരമാണ്. പൊട്ടാസ്യത്തിന്റെ നല്ലൊരു സ്രോതസുകൂടിയാണ്. വ്യായാമത്തിന് മുന്‍പ് നേന്ത്രപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
നേന്ത്രപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒന്നാണ്. വ്യായാമം ചെയ്യുമ്പോള്‍ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന പൊട്ടാസ്യം നിലനിര്‍ത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും നേന്ത്രപ്പഴം സഹായിക്കുമെന്ന് അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.
വ്യായാമം ചെയ്യുമ്പോള്‍ വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നത് തടയാൻ വാഴപ്പഴം സഹായിക്കും. വാഴപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വ്യായാമത്തിലുടനീളം സാവധാനവും സ്ഥിരവുമായ ഊര്‍ജം പുറത്തുവിടാന്‍ ഉപകരിക്കും.
വ്യായാമത്തിന് മുന്‍പ് ഒരു വാഴപ്പഴം കഴിക്കുന്നത് ക്ഷീണം തോന്നുന്നത് നല്ലരീതിയില്‍ കുറയ്ക്കും. പേശികളുടെ ആരോഗ്യത്തിനും സങ്കോചത്തിനും ആവശ്യമായ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്.
വ്യായാമത്തിനിടയിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാകും. വ്യായാമത്തിന് മുമ്പ് വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രണവിധേയമാക്കും. കൂടാതെ, വാഴപ്പഴത്തില്‍ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്, അവ ശരീരത്തിലെ ദ്രാവക ബാലന്‍സ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ധാതുക്കളാണ്.