പുതിയ സ്‌കൂട്ടറുകൾ നിരത്തിലിറങ്ങുന്നതിൽ പകുതിയിലേറെയും ഇപ്പോൾ വൈദ്യുത മോഡലുകളാണെന്നതാണ് സത്യം. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാവുമെന്ന ഓപ്ഷൻ ആരെങ്കിലും വേണ്ടെന്ന വെക്കുമോ. ഓലയും ഏഥറുമെല്ലാമാണ് വിപണിയിലെ താരങ്ങളെങ്കിലും അനേകം സ്റ്റാർട്ടപ്പ് കമ്പനികളും കുറഞ്ഞ വിലയിൽ കിടിലൻ മോഡലുകൾ പുറത്തിറക്കുന്നുണ്ട്.
പ്യുവർ ഇവിയും തങ്ങളുടെ പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ രംഗത്തെത്തിച്ചിരിക്കുകയാണ്. ഇപ്ലൂട്ടോ 7G മാക്‌സ് പുത്തൻ ഇവിക്കായി 1.15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് നൽകേണ്ടത്. റെട്രോ-തീം സ്റ്റൈലാണ് പ്യുവർ ഇവി ഇപ്ലൂട്ടോ 7G മാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടർ പിന്തുടർന്നിരിക്കുന്നത്. ആദ്യ നോട്ടത്തിൽ വെസ്‌പയുടെ സ്റ്റൈൽ തോന്നിയാലും തെറ്റുപറയാനാവില്ല.
എൽഇഡി ലൈറ്റുകൾ, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക ഘടകങ്ങൾ സംയോജിപ്പിച്ച് ഓൾഡ് സ്കൂൾ രൂപകൽപ്പനയാണ് സ്കൂട്ടർ നൽകുന്നത്. റിവേഴ്‌സ് മോഡ് അസിസ്റ്റും പാർക്കിംഗ് അസിസ്റ്റ് ഫീച്ചറുകളും ഇപ്ലൂട്ടോ 7G മാക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ സൗകര്യവും പ്രായോഗികതയും വർധിപ്പിക്കുന്നുമിണ്ട്.
പ്രതിദിനം 100 കിലോമീറ്റർ ഓടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 7G മോഡലിന്റെ നവീകരിച്ച പതിപ്പിനെ പുറത്തിറക്കിയിരിക്കുന്നതെന്ന് പ്യുവർ ഇവിയുടെ സഹസ്ഥാപകനും സിഇഒയുമായ രോഹിത് വധേര പറഞ്ഞു. 3.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് പുതിയ ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത്.