കൊച്ചി: മാവോയിസ്റ്റ് പ്രവർത്തകന്‍ മനോജിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മനോജിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ ആവശ്യം. പ്രതി ഉൾപ്പെട്ട സംഘം കൈകാര്യം ചെയ്ത ആയുധങ്ങൾ കണ്ടെത്തേണ്ടതുണ്ട്, തെളിവെടുപ്പും പൂർത്തിയാക്കണം. കൂടാതെ പ്രതിയുടെ തിരിച്ചറിയൽ നടപടികള്‍ പൂർത്തിയാക്കേണ്ടതുണ്ടെന്നും എടിഎസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ എടിഎസ് തന്നെ കസ്റ്റഡിയിലെടുത്ത ശേഷം ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്ന് മനോജ് കോടതിയില്‍ പറഞ്ഞു. കസ്റ്റഡി അപേക്ഷയില്‍ വാദം കേട്ട കോടതി ,പ്രതിയെ മാനസികമായും, ശാരീരികമായും പീഡിപ്പിക്കരുതെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മനോജിനെ, ഈ മാസം 26 വരെ എടിഎസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.