കോഴിക്കോട്: അര്‍ജുന്‍ ഷിരൂരിലെത്തി കാണാതാകുന്നതിന് മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നതായി അര്‍ജുന്റെ സുഹൃത്ത് സമീര്‍. എട്ടുവര്‍ഷമായി മാങ്കാവില്‍ അര്‍ജുനൊപ്പം ലോറിത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് സമീര്‍.
അര്‍ജുനും ഞാനും ഒരുമിച്ചാണ് ബല്‍ഗാമില്‍ പോകുന്നത്. ഞായറാഴ്ച അര്‍ജുനുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. ബല്‍ഗാമില്‍നിന്ന് എടവണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് അര്‍ജുനുമായി ഫോണില്‍ സംസാരിച്ചത്. പയ്യോളിയില്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് സംസാരിച്ചത്. 
രണ്ടിക്ക് തുടങ്ങിയ ഫോണ്‍സംഭാഷണം പുലര്‍ച്ചെ 3.10നാണ് അവസാനിച്ചത്. ഉറങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞാണ് അര്‍ജുന്‍ ഫോണ്‍ വച്ചത്. ജൂലൈ 16ന് അഞ്ചരയോടെ ഞാന്‍ എടവണ്ണയിലെത്തി തടിയിറക്കി. 
ചൊവ്വാഴ്ച പുറപ്പെട്ടാല്‍ അര്‍ജുന്‍ ബുധനാഴ്ചയോടെ തിരിച്ചെത്തേണ്ടതായിരുന്നു. കേരളത്തില്‍ നിന്നും പോകുന്ന മിക്ക ലോറി ഡ്രൈവര്‍മാരും ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഒരു കടയുണ്ട്. 
ഷിരൂരില്‍ തന്നെ താമസിക്കുന്ന ലക്ഷ്മണന്‍ എന്ന ആളുടെ കടയാണ് അത്. കുന്നിടിഞ്ഞാണ് ലക്ഷ്മണന്റെ കടയടക്കം മണ്ണിനടിയില്‍പ്പെട്ടത്. ആ സമയം കടയിലുണ്ടായവര്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു.കടയുടെ ഒരു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗംഗാവാലിപ്പുഴയില്‍ തുരുത്തുപോലെ രൂപപ്പെട്ടിരിക്കുകയാണ്. 
ലോഡെടുക്കാന്‍ ആദ്യം സമീറാണ് പോയത്. അര്‍ജുന്‍ വരുന്നതിന് മുന്നേ തിരിച്ചു വരുകയും ചെയ്തു. ദിവസത്തില്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും അര്‍ജുന്‍ വിളിക്കാറുള്ളതാണ്. അവന്‍ വേഗം തിരിച്ചെത്തണമെന്നാണ് പ്രാര്‍ഥനയെന്നും സമീര്‍ പറഞ്ഞു.
അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. എന്‍.ഡിആര്‍.എഫിന്റെയും നേവിയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ബംഗളുരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് പരിശോധന നടത്തും.
എന്നാല്‍, പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഷിരൂരില്‍ മഴ തുടരുകയാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. 
കനത്തമഴ വെല്ലുവിളിയായതോടെയായിരുന്നു ഇന്നലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തര കന്നഡ പി.എം. നാരായണ അറിയിച്ചു.തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍.ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *