കോട്ടയം: ന്യുറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. കാരിത്താസ് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. ജോസഫ് സെബാസ്റ്റിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ‘അക്യുട്ട് ന്യൂറോ കെയർ – 2023’ എന്ന് നാമകരണം ചെയ്‌തിരിക്കുന്ന ശില്പശാലയിൽ ന്യുറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. വൈ.ആർ യാദവ്, സെക്രട്ടറി ഡോ. കൃഷ് ശ്രീധർ, ഡോ വിനു വി. ഗോപാൽ തുടങ്ങിയ രാജ്യത്തെ പ്രമുഖ ന്യുറോളജിസ്റ്റുകൾ, അക്യൂട്ട് ന്യൂറോ കെയർ – 2023 ൽ പങ്കെടുക്കും.
ഡോ. രാജശ്രീ ദേവപൂജാരി, ഡോ. കേശവ് ഗോയൽ, ഡോ. വി. പൊന്നയ്യ, ഡോ. അജയ് ഹൃഷി എന്നിവരുടെ മേൽനോട്ടത്തിലാണ് ശില്പശാല നടക്കുന്നത്. ന്യൂറോ സർജന്മാർ, ഇന്റൻസിവിസ്റ്റുകൾ, ന്യൂറോളജിസ്റ്റുകൾ എന്നിവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ന്യൂറോളജിക്കൽ രംഗത്തെ പുതിയ സാധ്യതകളെ നേരിടാൻ പ്രാപ്തരാക്കുവാനും വേണ്ടിയാണ് ശില്‌പശാല സംഘടിപ്പിക്കപ്പെടുന്നതെന്ന് ഓർഗനസിംഗ് സെക്രട്ടറി ഡോ. ജോസഫ് സെബാസ്റ്റിയൻ അറിയിച്ചു.
അക്യൂട്ട് ന്യൂറോ കെയറിൻ്റെ സമീപനം, കോഡ് ബ്രെയിൻ: ഇൻട്രാക്രീനിയൽ ഹൈപ്പർടെൻഷനും ഹെർണിയേഷനും, കോമ, ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷനാകുന്ന ചടങ്ങ് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ശങ്കർ ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ന്യൂറോളജി വിദഗ്ദ്ധരുടെ സാന്നിദ്ധ്യം ശിൽപശാലയിൽ ഉണ്ടാകും. ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ന്യൂറോളജി സംബന്ധമായ പുതിയ സാധ്യതകൾ തുറന്നിടുന്ന വേദിയാകും ന്യൂറോ ശിൽപശാലയെന്ന് ഓർഗനസിംഗ് സെക്രട്ടറി ഡോ. ജോസഫ് സെബാസ്റ്റിയൻ അറിയിച്ചു.
ശില്പശാല കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോ, അനസ്‌തേഷ്യ വിഭാഗങ്ങളും, കോട്ടയം മെഡിക്കൽ കോളേജും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.