കാമുകിയെ മടിയിലിരുത്തി കാര്‍ ഓടിച്ച യുവാവിനെ പോലീസ് പിടികൂടി. നാഗ്പൂരിലാണ് സംഭവം. മങ്കാപൂരില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സൂരജ് രാജ്കുമാര്‍ സോണി (28), ഇയാളുടെ കാമുകി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായ ഇരുപത്തിയെട്ടുകാരിയായ യുവതിയുമാണ് പിടിയിലായത്.
അപകടകരമായ ഡ്രൈവിങ്ങിനും പരസ്യമായ അശ്ലീല പ്രദര്‍ശനത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം നാഗ്പൂരിലെ ലോ കോളേജ് സ്‌ക്വയര്‍ മുതല്‍ ശങ്കര്‍ നഗര്‍ വരെയുള്ള തിരക്കേറിയ റോഡിലൂടെയാണ് യുവതിയെ മടിയിലിരുത്തി യുവാവ് കാര്‍ ഡ്രൈവ് ചെയ്തത്. ഡ്രൈവ് ചെയ്യുന്ന യുവാവിന്റെ മടിയില്‍ പെണ്‍കുട്ടി ഇരിക്കുന്നതും ചുംബിക്കുന്നതുമായ കമിതാക്കളുടെ ദൃശ്യങ്ങള്‍ ചില ബൈക്ക് യാത്രികര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.
യുവാവിന്റെ പിതാവിന്റെ പേരിലുള്ളതാണ് കാര്‍. അപകടകരമായ ഡ്രൈവിംഗാണെന്ന് തോന്നിയതിനാല്‍ പിന്നിലിരുന്ന സഹയാത്രികന്‍ വീഡിയോ പകര്‍ത്തുകയായിരുന്നെന്ന് വീഡിയോ ഷൂട്ട് ചെയ്ത ബൈക്ക് യാത്രികന്‍ റെഹാന്‍ ലത്തീഫ് ഖാന്‍ പറഞ്ഞു.
വീഡിയോയുമായി ഇയാള്‍ അംബസാരി പോലീസ് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് അംബസാരി പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ വിനായക് ഗോല്‍ഹെ കമിതാക്കളെ പിന്തുടര്‍ന്നു. ഇതോടെ ഇരുവരും രാം നഗറിലെ സുഹൃത്തിന്റെ സ്ഥലത്ത് കാര്‍ ഒളിപ്പിച്ച ശേഷം വാര്‍ധ റോഡിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. സോണല്‍ ഡി.സി.പി. രാഹുല്‍ മദ്നെയുടെ കീഴിലുള്ള അംബസാരി പോലീസ് സംഘം വാര്‍ധ റോഡില്‍ നിന്ന് സൂരജ് രാജ്കുമാര്‍ സോണിയെയും കാമുകിയെയും പിടികൂടുകയായിരുന്നു.