ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോഗ്യനിലയിൽ ആം ആദ്മി നേതാക്കൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് തിഹാർ ജയിൽ അധികൃതർ.
കെജ്‌രിവാളിൻ്റെ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര ഉൾപ്പെടെയുള്ള പരിശോധനകൾ പതിവായി നിരീക്ഷിച്ചിരുന്നതായി ജയിൽ ജീവനക്കാർ തിങ്കളാഴ്ച പറഞ്ഞു.
ജയിലിൽ കഴിയുമ്പോൾ കെജ്‌രിവാളിൻ്റെ ഭാരം 8.5 കിലോ കുറഞ്ഞതായി അടുത്തിടെ ആം ആദ്മി എംപി, സഞ്ജയ് സിങ് ആരോപിച്ചിരുന്നു. ഇത് ഗുരുതരമായ രോഗലക്ഷണമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കെജ്‌രിവാളിനെ ജയിലിൽ അടച്ച് ആരോഗ്യത്തിലൂടെ കളിക്കാൻ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഢാലോചന നടത്തുകയാണെന്നും സഞ്ജയ് സിങ് ആരോപിച്ചു.
കെജ്‌രിവാളിനെ ഏപ്രിൽ 4ന് ജയിലിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാരം 65 കിലോ ആയിരുന്നു. ഭാരം പിന്നീട് 61.5 കിലോയായി കുറഞ്ഞുവെന്ന് തിഹാർ ജയിൽ സൂപ്രണ്ട് ഡൽഹി സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കി.
സീനിയർ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം, ശരീരഭാരം കുറയുന്നത് ഭക്ഷണം കുറഞ്ഞ അളവിൽ കഴിക്കുന്നതിനാലോ അല്ലെങ്കിൽ കുറഞ്ഞ കലോറി ഉപഭോഗം മൂലമോ ആകാമെന്നും കത്തിലുണ്ട്.