തച്ചമ്പാറ: 2011 -12 കാലയളവിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതിയിൽ പണികഴിപ്പിച്ച പി. ബാലൻസ്മാരക വയോജന വിശ്രമ കേന്ദ്രവും ലൈബ്രറി & റിക്രീയേഷൻ സെന്ററും തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വിട്ടു നൽകി.
വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കെട്ടിടം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ നടപ്പാക്കി, കെട്ടിടത്തിന്റെ കേടുപാടുകൾ തീർത്ത് നല്ല രീതിയിൽ സംരക്ഷിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീതയിൽ നിന്ന് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി കെട്ടിടത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷ ബാനു, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മല്ലിക, ഷെഫീഖ്, ജയ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് ഷിനോയ് നന്ദിയും പറഞ്ഞു.