ലണ്ടൻ: കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന “ആരവം 2023″നാളെ, ഒക്ടോബർ 7 ശനിയാഴ്ച്ച അരങ്ങേറും. ശനിയാഴ്ച്ച ഉച്ചക്ക്‌ ഒരു മണിക്ക്‌ ഓൾ യുകെ തിരുവാതിരകളി മത്സരങ്ങളോടെ കലാമാമാങ്കത്തിന് ആരംഭം കുറിക്കും. തുടർന്ന് കലാ സാംസ്ക്കാരിക പരിപാടികളും, “എന്റെ കേരളം” കൾച്ചറൽ ഷോയും അരങ്ങേറും. 
യുകെയിൽ നിന്നുള്ള പ്രമുഖരായ ഗായകരും നർത്തകരും കലാ സാംസ്ക്കാരിക പരിപാടികളിൽ പങ്കുചേരും. യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമുകൾ ശനിയാഴ്ച്ച രാവിലെ തന്നെ കിങ്‌സ്‌ഫോർഡ് സ്കൂളിൽ എത്തിച്ചേരുന്നതാണ്. മാസങ്ങൾ നീണ്ട തീവ്ര പരിശീലനത്തിന് ശേഷം നടക്കുന്ന വാശിയേറിയ മത്സരത്തിനാണ് യുകെയിലെ പ്രശസ്തരായ തിരുവാതിര ടീമുകൾ തയ്യാറെടുക്കുന്നത്.
കാണികൾക്ക് നവ്യമായ അനുഭവം ആയിരിക്കും തിരുവാതിര നൃത്തവേദി നൽകുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം ആയിരം, അഞ്ഞൂറ്, ഇരുന്നൂറ്റി അമ്പതു പൗണ്ടിന്റെ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനമായി ലഭിക്കും.
മത്സരങ്ങളോടൊപ്പം സംഗീത പരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറും. ക്ലാസിക്കൽ സെമി ക്ലാസിക്കൽ ബോളിവുഡ് ഡാൻസ് പെർഫോമൻസുകളും ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിന്റെ കലാ-സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന “എന്റെ കേരളം”എന്ന കൾച്ചറൽ ഫാഷൻ ഷോ ആയിരിക്കും പരിപാടിയുടെ മറ്റൊരു ആകർഷ ഘടകം. കേരളത്തിന്റെ പാരമ്പര്യ കലാ രൂപങ്ങളായ കഥകളി, തെയ്യം, ചെണ്ടമേളം നൃത്ത രൂപങ്ങളായ മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയവയുടെ അകമ്പടിയോടുകൂടിയായിരിക്കും “എന്റെ കേരളം” അരങ്ങേറുക.
യുകെയിലെ കലാ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ  “ആരവം 2023” പരിപാടിയിൽ അതിഥികളായെത്തുന്നതാണ്. കലാഭവൻ ലണ്ടൻ ഗിന്നസ് വേൾഡ് റെക്കോർഡിനു ലക്ഷ്യം വെച്ച് അടുത്തവർഷം പദ്ധതിയിട്ടിരിക്കുന്ന മെഗാ തിരുവാതിരക്കുള്ള ക്യാപ്റ്റൻമാരെയും  “ആരവം 2023” ൽ വെച്ച് തിരഞ്ഞെടുക്കും.
ഈസ്റ്റ്ഹാമിലെ പ്രമുഖ റെസ്റ്റോറന്റായ “നവരുചി” ഒരുക്കുന്ന നാടൻ ഭക്ഷണ വിഭവങ്ങളും “ആരവം 2023” ന് മാധുര്യം ഏറ്റും. പ്രമുഖ സോളിസിറ്റേഴ്സ് സ്ഥാപനമായ പോൾ ആൻഡ് ജോൺ സോളിസിറ്റേഴ്സ്. എന്‍എന്‍ സിവില്‍ എന്‍ജിനീയറിംഗ് ലിമിറ്റഡ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, നീൽ ട്രാവെൽസ്, മലബാർ ഗോൾഡ് യുകെ തുടങ്ങിയവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.
തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കിയിരിക്കുന്ന ‘ആരവം 2023’ നാളെ ഉച്ചക്ക് ഒരു മണിക്കു ആരംഭിക്കും. കലാസ്വാദകരായ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലം : കിങ്‌സ് ഫോർഡ് കമ്മ്യൂണിറ്റി സ്കൂൾ, ബെക്ക്റ്റൺ E6 5JG. കൂടുതൽ വിവരങ്ങൾക്ക് : 07841613973
റിപ്പോര്‍ട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed