കാഞ്ഞിരപ്പള്ളി: വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല, കുഴി നിറഞ്ഞ റോഡിന്റെ ഉത്തരവാദിത്വം കൈയൊഴിഞ്ഞു ഉദ്യോഗസ്ഥര്‍. കാഞ്ഞിരപ്പള്ളി മണിമല റോഡാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് ഒരുവര്‍ഷമായി തകര്‍ന്നു കിടക്കുന്നത്.
ചേനപ്പാടി, വിഴിക്കിത്തോട്, മണിമല, മുക്കട, റാന്നി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിര ക്കണക്കിനു വാഹനങ്ങളാണു ദിവസേന ഇതുവഴി കടന്നു പോകുന്നത്. കുഴികളിലൂടെയുള്ള യാത്ര ദുരിതമായതോടെ അറ്റകുറ്റപ്പണിയെങ്കിലും അടിയന്തരമായി നടത്തണമെന്ന ആവശ്യം ശക്തമായി.

ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 70 ലക്ഷം രൂപ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി കുരിശുകവല മുതല്‍ പഴയിടം വരെയുള്ള ഭാഗത്താണു കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി മണ്ണനാനി റോഡ് കെ.ആര്‍.എഫ്.ബി.  മുഖേന നവീകരണ പ്രവൃത്തികള്‍ ചെയ്യാന്‍ തെരഞ്ഞടുത്തിരിക്കുന്ന മണിമല കുളത്തൂര്‍മുഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന്റെ ഭാഗമാണെന്നു പൊതുമരാവത്തെ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി നിരത്ത് സെക്ഷന്റെ ആസ്തിയില്‍ വരുന്ന കാഞ്ഞിരപ്പള്ളി മണിമല റോഡിലെ ഏഴു കിലോമീറ്റര്‍ റോഡ് ആണു തകര്‍ന്നിരിക്കുന്നത്.
താലൂക്കു വികസന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ചു കേരള ഉപഭോക്തൃ സമിതി നല്‍കിയ പരാതിയുടെ മറുപടിയായി ഈ ഏഴു കിലോമീറ്റര്‍ ഭാഗം കെ.ആര്‍.എഫ്.ബിക്ക് കൈമാറിയതായും ഇവരാണു റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും നിരത്തു വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് എത്രയും വേഗം നന്നാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *