ചെകുത്താനും കടലിനും ഇടയ്ക്കോ ധനമന്ത്രി; നായിഡുവും നിതീഷും ചോദിച്ചത് നല്‍കിയില്ലെങ്കില്‍ എന്ത് സംഭവിക്കും?

ന്‍ഭൂരിപക്ഷം ലഭിക്കണമെന്ന ആഗ്രഹത്തിന്‍റെ പുറത്ത് നിരവധി ജനപ്രിയ വാഗ്ദാനങ്ങള്‍ നല്‍കുകയും എന്നാല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും അധികാരത്തില്‍ മൂന്നാം തവണയുമെത്തിയ എന്‍ഡിഎ സര്‍ക്കാരിന് വെല്ലുവിളിയാകുമോ ഇത്തവണത്തെ കേന്ദ്രബജറ്റ് എന്ന ചോദ്യമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്ന പ്രഖ്യാപനങ്ങളാണോ, സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്ന നിര്‍ദേശങ്ങളാണോ ബജറ്റിലിടം പിടിക്കുക എന്നത് ഇത്തവണ നിര്‍ണായകമാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റ് അത്രയൊന്നും ജനകീയമല്ലായിരുന്നെങ്കിലും ദരിദ്രര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായിരുന്നു. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൂര്‍ണ ബജറ്റില്‍ ജനകീയ ബജറ്റ് എന്നതിനേക്കാളുപരിയായി ധനപരമായ അടിത്തറ ഉറപ്പിക്കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുകയെന്നാണ് വിലയിരുത്തല്‍. അതേ സമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്ന സൗജന്യ റേഷന്‍, മുദ്ര വായ്പ, എല്ലാ ഭവനങ്ങളിലും കുടിവെള്ളം എന്നിവ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലിടം പിടിച്ചേക്കും. പ്രധാനമന്ത്രി ആവാസ് യോജന, പിഎം ഉജ്ജ്വല യോജന, പാവപ്പെട്ടവര്‍ക്ക് മൂന്ന് കോടി വീടുകള്‍, മുദ്ര വായ്പ പദ്ധതി പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കല്‍ എന്നിവയായിരുന്നു ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജനയ്ക്ക് കീഴിൽ പാവപ്പെട്ടവരുടെ വീടുകളില്‍   സൗജന്യ വൈദ്യുതി നൽകുമെന്നും ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള എല്ലാ വീടുകളിലും ഹർ ഘർ നൽ സേ ജല് പദ്ധതി വഴി ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുമെന്നും  വാഗ്ദാനം നൽകിയിരുന്നു.   കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തെ സാമൂഹിക മേഖലയിലെ  ചെലവുകള്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 23 ലക്ഷം കോടി രൂപയായിരുന്നു. ഇത് ജിഡിപിയുടെ 8.3 ശതമാനമാണ്. 2028 സാമ്പത്തിക വര്‍ഷം വരെ പൊതുജനാരോഗ്യ – വിദ്യാഭ്യാസ ചെലവുകള്‍ പ്രതിവര്‍ഷം 13 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.  

അതേ സമയം സർക്കാരിന്റെ പ്രധാന വെല്ലുവിളി ധനക്കമ്മിയാണ്.  ഇത്  കുറയ്ക്കാൻ കഴിയുന്നിടത്തോളം കാലം, വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പണം  ചെലവാക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിദഗ്ധർ പറയുന്നു. ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളത്. അത് കൈവരിക്കുക എന്നത് നിർണായകമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 5.8 ശതമാനത്തിലേക്ക് കൊണ്ടുവരാൻ   ആദ്യം ലക്ഷ്യമിട്ടിരുന്നെങ്കിലും  അത് 5.6 ശതമാനമായി കുറയ്ക്കാൻ സാധിച്ചിരുന്നു. പ്രതീക്ഷിച്ചതിലും ഉയർന്ന വരുമാനവും പ്രതീക്ഷിച്ചതിലും കുറഞ്ഞ റവന്യൂ ചെലവുമാണ് ഇതിന് കാരണം.

അതേ സമയം റേറ്റിംഗ് ഏജൻസികളുടെ മോശം റേറ്റിംഗ് രാജ്യത്തിന് വെല്ലുവിളിയാണ്. മൂന്ന് പ്രധാന ആഗോള റേറ്റിംഗ് ഏജൻസികളായ എസ് ആന്റ്  പി, ഫിച്ച്, മൂഡീസ് എന്നിവ ഇന്ത്യയ്ക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപ ഗ്രേഡ് റേറ്റിംഗ് ആണ് നൽകിയിട്ടുള്ളത്. ധനകമ്മി ജിഡിപിയുടെ 4 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞാൽ, അടുത്ത 24 മാസത്തിനുള്ളിൽ ഇന്ത്യയ്ക്ക് മികച്ച റേറ്റിംഗ് നേടിയെടുക്കാം.

കൂട്ടുകക്ഷി സർക്കാരാണ് നിലവിലുള്ളത് എന്നത് ധനമന്ത്രിക്ക് മേലുള്ള മറ്റൊരു ഭീഷണിയാണ്. തെലുങ്കുദേശം പാർട്ടി  നേതാവ്  ചന്ദ്രബാബു നായിഡു അടുത്തിടെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും 2024 ലെ ബജറ്റിൽ ആന്ധ്രാപ്രദേശിന് ഒരു ലക്ഷം കോടി രൂപ നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ ജെഡിയു ബീഹാറിന് വേണ്ടി 30,000 കോടി രൂപയുടെ സഹായവും ചോദിച്ചിട്ടുണ്ട്.  ഇതെല്ലാം ധനമന്ത്രി പാലിച്ചില്ലെങ്കിലുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധി പ്രവചനാതീതമാണ്.

By admin