മഞ്ഞപ്പിത്തം ദുരിതം വിതച്ച വേങ്ങൂർ; അഞ്ജന 75 ദിവസമായി വെന്‍റിലേറ്ററിൽ, ആരോഗ്യ മന്ത്രിയെവിടെ? കണ്ണീരോടെ കുടുംബം
കൊച്ചി: മഞ്ഞപ്പിത്തം വലിയ ദുരിതം വിതച്ച എറണാകുളം വേങ്ങൂരിനെ മൂന്ന് മാസത്തിനിപ്പുറം തിരിഞ്ഞ് നോക്കാതെ സംസ്ഥാന സർക്കാർ. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ സർക്കാരിന് കൈമാറിയെങ്കിലും തുടർനടപടി ഒന്നുമായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വേങ്ങൂരിൽ വാട്ടർ അതോറിറ്റി വിളിച്ച് വരുത്തിയ ദുരന്തത്തിൽ ഏപ്രിൽ17 മുതൽ രോഗബാധിതരായത് 253പേരാണ്. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരമായി ചികിത്സയിലാണ് വെങ്ങൂർ സ്വദേശി അഞ്ജന.
മകൾ കൊച്ചിയിലെ ആശുപത്രിയിൽ 75 ദിവസമായി വെന്‍റിലേറ്ററിലാണ്. ‘മകൾ കണ്ണ് തുറക്കും, ബോധമുണ്ട്, അത്ര മാത്രം ഒള്ളൂ. അനങ്ങാനോ നാവ് ഒന്ന് ചലിപ്പിക്കാനോ സാധിച്ചിട്ടില്ല. 75 ദിവസമായി ഇതുവരെ ഒന്ന് മിണ്ടിയിട്ടില്ല’- കണ്ണീരോടെ അഞ്ജനയുടെ അമ്മ പറയുന്നു. അഞ്ജനയുടെ അമ്മ ശോഭനയും അച്ഛൻ ചന്ദ്രനും ആശുപത്രി കാത്തിരിപ്പ് മുറിയിൽ കഴിച്ച് കൂട്ടുകയാണ് മകൾ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിൽ. ഇതുവരെ സർക്കാർ സഹായം ഒന്നും കിട്ടിയിട്ടില്ലെന്നും, ആരോഗ്യമന്ത്രിയെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഗുരുതരാവസ്ഥയിൽ തുടരുന്ന അഞ്ജനയുടെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇതുവരെ 25 ലക്ഷത്തോളം രൂപയായി ആശുപത്രി ചിലവ്. ഇനി ഭൂമി വിറ്റും മകളുടെ തുടർചികിത്സക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചന്ദ്രനും, ശോഭനയും. അഞ്ജനയും ഭർത്താവ് ശ്രീകാന്തിനുമുൾപ്പടെ വെങ്ങൂരിൽ നിരവധി പേർക്ക് രോഗം അതീവ ഗുരുതരമായിരുന്നു. പ്രദേശത്ത് നിന്ന് പണംപിരിച്ച് പഞ്ചായത്തും നാട്ടുകാരും, വിവിധ സന്നദ്ധസംഘടനകളും ആദ്യദിനങ്ങളിൽ ഒപ്പം നിന്നു. എന്നാൽ അഞ്ജനയ്ക്ക് മഞ്ഞപ്പിത്തം കരളിനെയും, വൃക്കയെയും ബാധിച്ചു. അണുബാധയും കൂടി. അവസ്ഥ പറയാൻ ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചുവെങ്കിലും ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിലലെന്ന് അമ്മ ശോഭന പറഞ്ഞു.
മൂന്ന് മാസത്തെ ദുരിതം താണ്ടി വേങ്ങൂരുകാർ സാധാരണ ജീവിതത്തിലേക്ക് ഇനിയും മടങ്ങിയിട്ടില്ല. പൈപ്പിലൂടെ മലിനജലം വീട്ടിലെത്തിച്ച വാട്ടർ അതോറിറ്റിക്കെതിരെ ഇത് വരെ ഒരു നടപടിയുമില്ല. വേങ്ങൂരിനെ ആരും കണ്ടില്ലെന്നാണ് ഇവരുടെ സങ്കടം. മൂവാറ്റുപുഴ ആർഡിഒ ആണ് വേങ്ങൂരിലെത്തി മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. ജില്ലാ കളക്ടർ ഈ റിപ്പോർട്ട് വിവിധ സർക്കാർ വകുപ്പുകൾക്കും കൈമാറി. എന്നാൽ നടപടി വൈകിച്ച് സർക്കാർ സംവിധാനങ്ങളും ഈ നാട്ടുകാരെ വീണ്ടും വീണ്ടും പറഞ്ഞ് പറ്റിക്കുകയാണ്.
അഞ്ജനയെ പിന്തുണയ്ക്കാം
SREELAKSHMI CHANDRAN
ACC.NO: 67341779386
IFSC: SBIN0071101
KURUPPAMPADI BRANCH
G-PAY 8590681744
വീഡിയോ സ്റ്റോറി കാണാം