കോഴിക്കോട്- പുതിയ ഭരണ സംസ്‌കാരമുണ്ടാക്കലാണ് മേഖലാതല അവലോകന യോഗങ്ങളിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോഴിക്കോട് മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഇതൊരു തുടക്കമാണെന്നും എന്നാൽ അവസാനത്തേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളക്ക് ശേഷം ഈ സംവിധാനം തുടരും. നമ്മുടെ ഇടപെടലുകൾ, നാം നടത്തുന്ന പ്രവർത്തനങ്ങൾ, നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഇതൊക്കെ ധാരാളം ജനങ്ങളെയാണ് ബാധിക്കുന്നത്. ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഭരണ നടപടികൾ നോക്കിക്കാണുന്നത്. അതിന് വേഗം കൂട്ടുക, കൂടുതൽ സുതാര്യത ഉറപ്പ് വരുത്തുക,  ആളുകൾ ആഗ്രഹിക്കുന്ന വേഗത്തിൽ  തീരുമാനങ്ങളിലേക്ക് എത്താൻ പറ്റുക എന്നിവയാണ് ലക്ഷ്യം. അത്തരം തീരുമാനങ്ങളിലേക്ക് എത്തുന്നതിന് വെറും മെറിറ്റ് മാത്രമാണ് അടിസ്ഥാനം. മറ്റേതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളോ സമ്മർദങ്ങളോ, സ്വാധീനങ്ങളോ ഒന്നിനും വഴങ്ങാതിരിക്കുക.  ഇപ്പോൾ പൊതുവെ നല്ല മാറ്റം കൈവന്നിട്ടുണ്ട്. ഇത് ഒരു നല്ല തുടക്കമാണ്. ഇത് നമുക്ക് തുടർന്നു കൊണ്ടുപോകാൻ കഴിയണം. ജനങ്ങളുടെ സംതൃപ്തിയാണ് നാം ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി മറ്റൊന്നും നാം കാംക്ഷിക്കരുത്. മറ്റേതെങ്കിലും തരത്തിലുള്ള ചിന്ത നമ്മെ ഭരിക്കരുത്. എല്ലാം സുതാര്യമായിരിക്കണം. അഴിമതി തീണ്ടാതിരിക്കണം. അത് എല്ലാ തലങ്ങളിലും ഉറപ്പ് വരുത്താൻ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്.
നേരത്തെ താലൂക്ക് അടിസ്ഥാനത്തിൽ മന്ത്രിമാർ  നടത്തിയ അദാലത്തുകളിൽ  ജനങ്ങളുടെ പ്രശ്‌നങ്ങൾ തീർപ്പാക്കിയിരുന്നു. നല്ല രീതിയിൽ ആ പ്രശ്‌നങ്ങൾ കുറെ ഭാഗം പരിഹരിച്ചു പോയി. എന്നാൽ ചില കാര്യങ്ങൾ ബാക്കി നിൽക്കുന്നുണ്ടായിരുന്നു. അവയിൽ മന്ത്രിമാർ ഉദ്യോഗസ്ഥരുമായി ചേർന്ന് തീരുമാനമെടുത്തു. ആ ഒരു ഘട്ടം നല്ല നിലക്ക് പൂർത്തിയാക്കാൻ കഴിഞ്ഞു. തുടർന്നാണ് ഇതുപോലുള്ള അവലോകനം വേണമെന്ന് കണ്ടത്. അവലോകനത്തിന്റെ ഭാഗമായി ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിഞ്ഞു. ഇത്തരം കാര്യങ്ങളിൽ പൊതുവെ നല്ല വേഗം ആർജിക്കാൻ കഴിഞ്ഞു. 
നമ്മൾ നിശ്ചയിക്കുന്ന കാര്യങ്ങൾ, തയാറാക്കുന്ന പദ്ധതികൾ  സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ എല്ലാ തലങ്ങളിലും നടത്തുകയാണ് പ്രധാനം.
അതിദാരിദ്ര്യ നിർമാർജനത്തിന്റെ പട്ടികയിൽ അനർഹരായ 400 ൽ അധികം  പേരെ കാസർകോട്ട് കണ്ടെത്തി എന്നുള്ളത്  വളരെ ഗൗരവമായ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ തുടർന്നുള്ള പരിശോധനയും നിലപാടുകളും വേണ്ടിവരും.  നല്ല പരിശോധന സംവിധാനത്തിലൂടെയാണ് ആദ്യ പട്ടിക അംഗീകരിച്ചത്. അതിൽ പിന്നീട് ജില്ലയിൽ തന്നെ നടത്തിയ പരിശോധനയിൽ  അനർഹർ ഉണ്ട് എന്ന് കണ്ടിട്ടുണ്ടെങ്കിൽ അത് ഗൗരവമായി കാണണം.
ലൈഫുമായി ബന്ധപ്പെട്ട് എസ്.ടി വിഭാഗത്തിന് രണ്ട് ലക്ഷം രൂപ  കൂടുതൽ കിട്ടുന്നത് ഇല്ലാതായയത് അപേക്ഷ ക്ഷണിക്കുമ്പോൾ ഉണ്ടായ പ്രശ്‌നമാണെന്നാണ് കരുതുന്നത്. അത് ഗൗരവമായി പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾ വരുത്തും.  മനസ്സോടിത്തിരി മണ്ണ്  കാമ്പയിൻ  തദ്ദേശ സ്ഥാപനങ്ങൾ ഗൗരവത്തോടെ എടുക്കണം. പലതിനും അനുമതി കൊടുക്കുന്നതിൽ സിആർഇസെഡ് തടസ്സമായി മാറുന്നത് കലക്ടർമാർ ഇടപെട്ട് പരിഹരിക്കണം. ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച വേഗത്തിൽ നടക്കാത്തത് മലബാർ ഭാഗത്താണെന്നത്  ഗൗരവമായി കാണണം. കണ്ണൂർ, കാസർകോട്് ജില്ലകളിലൂടെ ജലപാത വരണമെങ്കിൽ പുതിയ കനാലുകൾ വരണം. അതിനു ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണം. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ പിന്നെ പ്രശ്‌നമില്ല. അതിനാവശ്യമായ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വയനാട് തുരങ്ക പാത നമ്മുടെ പ്രധാന പദ്ധതിയാണ്. അതിൽ സമയബന്ധിതമായി കാര്യങ്ങൾ നീക്കാൻ സാധിക്കണം. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനഭൂമി ഏറ്റെടുക്കുന്ന പ്രശ്‌നം പരിഹരിച്ചു പോകാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്കായി ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻ കുട്ടി, അഹമ്മദ് ദേവർകോവിൽ,  റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആർ. ബിന്ദു, പി. പ്രസാദ്, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, പ്രിൻസിപ്പൽ ഡയറക്ടർമാർ, സെക്രട്ടറിമാർ,  ജില്ല കലക്ടർമാരായ എ ഗീത (കോഴിക്കോട്), എസ്. ചന്ദ്രശേഖർ (കണ്ണൂർ), ഡോ. രേണുരാജ് (വയനാട്), കെ.ഇ.എൻ. ശേഖരൻ (കാസർകോട്), ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
English Summary:Government’s aim is to create a new governance culture – Chief Minister
2023 October 5Keralatitle_en: Government’s aim is to create a new governance culture – Chief Minister

By admin

Leave a Reply

Your email address will not be published. Required fields are marked *