2.5 ലക്ഷത്തിന്റെ സ്വർണ്ണമാല, നായയ്‍ക്ക് ഉടമ സമ്മാനിച്ച പിറന്നാൾ സമ്മാനം കണ്ട് ഞെട്ടി നെറ്റിസൺസ്

മനുഷ്യർക്ക് ഏറ്റവും പ്രിയപ്പെട്ട വളർ‌ത്തുമൃ​ഗങ്ങളിൽ ഒന്നാണ് നായ. ഇന്ന് നായകളെ വളർത്താത്തവർ കുറവാണ്. നായകളെയും പട്ടികളെയും ഒക്കെ വളർത്തുന്നവർ തങ്ങളെ നായയുടെ ഉടമകൾ എന്ന് പറയുന്നതിന് പകരം പെറ്റ് മോം, പെറ്റ് ഡോ​ഗ് എന്നൊക്കെയാണ് പറയുന്നത്. അടുത്തിടെ ഒരു സ്ത്രീ തന്റെ നായയ്ക്ക് സ്വർണ്ണത്തിന്റെ ഒരു മാല വാങ്ങി നൽകി. അതും ചെറിയ മാലയൊന്നുമല്ല, 2.5 ലക്ഷം വില വരുന്ന സ്വർണ്ണമാല. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 

മുംബൈയിൽ നിന്നുള്ള സരിത സൽദാൻഹ എന്ന സ്ത്രീയാണ് തന്റെ വളർത്തുനായയുടെ പിറന്നാളിന് ഇങ്ങനെയൊരു സമ്മാനം നൽകിയത്. ടൈ​ഗർ എന്നാണ് നായയുടെ പേര്. ചെമ്പൂരിലെ ജ്വല്ലറിയായ അനിൽ ജൂവലേഴ്‌സാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ജ്വല്ലറിയിൽ നിന്നുള്ള രം​ഗങ്ങളാണ്. 

‘ഞങ്ങളുടെ സ്ഥിരം കസ്റ്റമറായ സരിത തൻ്റെ പ്രിയപ്പെട്ട നായ ടൈ​ഗറിൻ‌റെ ജന്മദിനം ഒരു പ്രത്യേക രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ അവസരത്തെ അടയാളപ്പെടുത്താൻ, അവൾ അനിൽ ജ്വല്ലേഴ്‌സിൽ പോയി അവളുടെ സുഹൃത്തിനായി ഒരു മാല തിരഞ്ഞെടുത്തു. സൂക്ഷ്മമായി രൂപകല്പന ചെയ്തതും തിളങ്ങുന്നതുമായ മാല അന്നത്തെ ദിവസത്തെ മികച്ച സമ്മാനമായി തീർന്നു’ എന്നെല്ലാം വീഡിയോയിൽ എഴുതിയിട്ടുണ്ട്. 

വീഡിയോയിൽ സരിത ആ മാല വാങ്ങുന്നതും പിന്നീട് അവിടെ അവളെ കാത്തിരിക്കുകയായിരുന്ന നായയുടെ കഴുത്തിൽ അണിയിക്കുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഒരുപാട് പേർ സരിത ചെയ്തതിനെ അഭിനന്ദിച്ചു. അതേസമയം ചുരുക്കം ചിലർ ഇത് വെറും ഷോ ഓഫാണ് എന്നും പറഞ്ഞിട്ടുണ്ട്. 

By admin