തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രധാന പങ്കുവഹിച്ച സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തേക്കാൾ  സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത് പാർട്ടിയുടെ സ്വാധീന കേന്ദ്രങ്ങളിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം. അൽപ്പം പോലും സ്വാധീനം ഇല്ലാത്ത പ്രദേശങ്ങളിൽ പോലും പാർട്ടിക്കും ഇടത് മുന്നണിക്കും  ലഭിക്കേണ്ട വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോ‍ർന്നുവെന്ന് സി.പി.എം തുറന്ന് സമ്മതിക്കുന്നു.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് പാർട്ടി ശക്തി കേന്ദ്രങ്ങളിലേക്കുളള ബി.ജെ.പിയുടെ കടന്നുകയറ്റത്തെ കുറിച്ച് സി.പി.എം തുറന്ന് സമ്മതിക്കുന്നത്.
പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെ ബൂത്തുകളിൽ ബി.ജെ.പിക്ക് ബൂത്ത് ഏജന്റു പോലുമുണ്ടാകാത്ത സ്ഥലങ്ങളുണ്ട്. അവിടങ്ങളിലും പാർട്ടിക്ക് ലഭിച്ചു കൊണ്ടിരുന്ന വോട്ടുകൾ ബി.ജെ.പിയിലേക്ക് ഒലിച്ച് പോയെന്നാണ് കണ്ടെത്തൽ. ഒരു പ്രവർത്തനവും നടത്താതെ തന്നെ ബി.ജെ.പിയിലേക്ക് വോട്ടുപോകുന്നു എന്ന കണ്ടെത്തൽ സി.പി.എമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ഇതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവി വെറും തോൽവിയല്ല, പാർട്ടിയുടെ അടിത്തറയിളക്കിയ തോൽവിയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്താൻ കാരണം.

ഭരണവിരുദ്ധ വികാരത്തെ ജനപ്രിയ നടപടികളിലൂടെയും ഭരണപരമായ തിരുത്തലിലൂടെയും പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുമ്പോഴും ബി.ജെ.പിയിലേക്കുളള വോട്ടൊഴുക്കിന് എങ്ങനെ തടയിടുമെന്നതിൽ സി.പി.എമ്മിന് എത്തുംപിടിയുമില്ല. അതാണ് അടിത്തറയിളക്കിയ തോൽവിയെന്ന് പാർട്ടി ഫോറങ്ങളിലെങ്കിലും തുറന്ന് സമ്മതിക്കാൻ കാരണം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല തരംഗത്തിൽ തകർന്നടിഞ്ഞപ്പോഴും പാർട്ടിയുടെയും മുന്നണിയുടെയും ജനകീയാടിത്തറ തക‍ർന്നിട്ടില്ലെന്നാണ് സി.പി.എം അവകാശപ്പെട്ടത്. മുന്നണി വോട്ട് വിഹിതം 35 ശതമാനത്തിലേക്ക് താഴ്ന്നപ്പോഴായിരുന്നു ഈ അവകാശവാദം. എന്നാൽ മുൻ തിരഞ്ഞെടുപ്പ് ഫലം പോലെ തന്നെ ഇത്തവണയും ഒരു സീറ്റ് തന്നെ നേടിയപ്പോൾ അടിത്തറയിളകി എന്ന് സമ്മതിക്കണമെങ്കില്‍ സി.പി.എമ്മിൻെറ ആശങ്ക എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതേ ഉളളു.

തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പിയുടെ വളർച്ചയാണ് സി.പി.എമ്മിനെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ജില്ലയിലെ രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലും ബി.ജെ,പി വലിയ മുന്നേറ്റമാണ് നടത്തിയത്.

തിരുവനന്തപുരത്ത് വീണ്ടും എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളികൊണ്ട് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ആറ്റിങ്ങലിൽ ഇടത് മുന്നണിയുമായി വെറും 15000ൽപരം വോട്ടിൻെറ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്ത് എത്തി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ആറ്റിങ്ങൽ, കാട്ടാക്കട  നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്താണ്. തലസ്ഥാന മണ്ഡലത്തിലെ നേമം,വട്ടിയൂർക്കാവ്,കഴക്കൂട്ടം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി ഒന്നാമതെത്തിയിട്ടുണ്ട്.
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വ‍ർക്കലയിലും തിരുവനന്തപുരം മണ്ഡലത്തിലെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളിൽ  ബി.ജെ.പി രണ്ടാം സ്ഥാനത്തും എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുളള രാഷ്ട്രീയചിത്രം അനുസരിച്ച് നൂറ് വാ‍ർഡുകളുളള തിരുവനന്തപുരം നഗരസഭയിലെ 70 വാർഡുകളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം.

രാഷ്ട്രീയാന്തരീക്ഷം ഈ നിലയിൽ തുടർന്നാൽ 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭാ ഭരണം ബി.ജെ.പി കൈയ്യടക്കുന്ന സ്ഥിതിയാണ് ഉരുത്തിരിയുന്നത്.

 പാർട്ടിയുടെ സ്വാധീനകേന്ദ്രങ്ങളെന്ന് വിശ്വസിച്ച് പോരുന്ന പുതുക്കാട്,മണലൂർ,നാട്ടിക ഇരിങ്ങാലക്കുട  നിയമസഭാ മണ്ഡലങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ  മുന്നേറ്റവും സി.പി.എമ്മിൻെറ ആശങ്കയാണ്. ഇതെല്ലാം കണക്കിലെടുത്ത് സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ച തടയുന്നതിനുളള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നത്.
ദീർഘകാല ലക്ഷ്യങ്ങളോടെ ആർ.എസ്.എസ് നടത്തുന്ന പ്രവർ‍ത്തനങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് രാഷ്ട്രീയവളർച്ച നേടിക്കൊടുക്കുന്നതെന്നാണ് സി.പി.എമ്മിൻെറ നിഗമനം. ക്ഷേത്ര കമ്മിറ്റികളിലെയും സാമുദായികസംഘടനകളിലെയും അധികാര സ്ഥാനങ്ങൾ കരസ്ഥമാക്കിയും ഹൈന്ദവ ആരാധനാലയങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുമാണ് ആർ,എസ്.എസ് വിശ്വാസികളുടെ ഇടയിൽ സ്വാധീനം ഉറപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്താകെ 6000ൽപരം ആർ.എസ്.എസ് ശാഖകളുണ്ട്. രാജ്യത്ത് തന്നെ ആർ.എസ്.എസ്സിന് ഏറ്റവും കൂടുതൽ ശാഖകളുളള സംസ്ഥാനമായി കേരളം മാറിയെന്നും സി.പി.എം നേതൃത്വം ജില്ലാ കമ്മിറ്റികളിലെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടി. ഈ നിലയിൽ ആർ.എസ്.എസും ബി.ജെ.പിയും സ്വാധീനം ഉറപ്പിക്കുമ്പോൾ അതിന് പ്രതിരോധം തീർക്കാൻ ആവശ്യമായ കർമ്മ പദ്ധതികൾ വേണം എന്നാണ് കേന്ദ്ര നേതൃത്വത്തിൻെറ നിർദ്ദേശം.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed