ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം. ജൂണ്‍ 20നാണ് സംഭവം നടന്നത്. മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മന്‍പ്രീത് കൗര്‍ (24) ആണ് മരിച്ചത്. ക്വാണ്ടാസ് വിമാനത്തിലായിരുന്നു യാത്ര.
നാല് വര്‍ഷത്തിന് ശേഷം ആദ്യമായാണ് നാട്ടിലേക്ക് കൗര്‍ മടങ്ങിയത്. തുള്ളമറൈന്‍ എയര്‍പോട്ടില്‍ എത്തിയപ്പോള്‍ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് ഗുര്‍ദീപ് ഗ്രെവാള്‍ പറഞ്ഞു. മറ്റ് പ്രശ്‌നങ്ങളില്ലാത്തതിനാല്‍ വിമാനത്തില്‍ പ്രവേശിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. യുവതിക്ക് ക്ഷയരോഗമുണ്ടായിരുന്നതായി സംശയിക്കുന്നുവെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.