യുകെയിലെ ജയിലില്‍നിന്നു മോചിതനായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഓസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ തിരിച്ചെത്തി. യു.എസ് പസഫിക് പ്രദേശമായ സായ്പാനിലെ കോടതിയില്‍ വിചാരണക്ക് ഹാജരായ ശേഷമാണ് അസാന്‍ജ് ഓസ്ട്രേലിയയിലെത്തിയത്.അതി രഹസ്യ സ്വഭാവമുള്ള അമേരിക്കയുടെ പ്രതിരോധ രേഖകള്‍ പുറത്തുവിടാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം സമ്മതിക്കാന്‍ തയാറായതോടെയാണ് ജയില്‍മോചനം സാധ്യമായത്. ഓസ്ട്രേലിയക്ക് അടുത്തുള്ള സായ്പാന്‍ ദ്വീപിലെ കോടതിയിലെത്തിയ അസാന്‍ജ് കുറ്റസമ്മതം നടത്തി. ജയില്‍മോചന വ്യവസ്ഥകളും അംഗീകരിച്ചു. ജഡ്ജി റമോണ മംഗ്ളോണയുടെ ജില്ല കോടതിയിലായിരുന്നു വിചാരണ.ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാല്‍ ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാന്‍ജും യു.എസും തമ്മിലുള്ള ധാരണ. 175 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളാണ് അമേരിക്ക അസാന്‍ജിനെതിരെ ചുമത്തിയത്. എന്നാല്‍, ധാരണ പ്രകാരം ഈ ശിക്ഷകള്‍ ഒഴിവാക്കി. ഇതുപ്രകാരം, യു.എസ് സൈന്യവുമായി ബന്ധപ്പെട്ട് അസാന്‍ജ് വിക്കിലീക്സിന് നല്‍കിയ രേഖകള്‍ നശിപ്പിക്കേണ്ടിവരും.2010ലാണ് അമേരിക്കയെ ഞെട്ടിച്ച് നിരവധി രഹസ്യ രേഖകള്‍ അസാന്‍ജ് വിക്കിലീക്സിലൂടെ പുറത്തുവിട്ടത്. ഇറാഖിലും അഫ്ഗാനിസ്താനിലും സൈനിക നടപടിയുടെ മറവില്‍ അമേരിക്ക നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ടതോടെ അസാന്‍ജ് അമേരിക്കയുടെ കണ്ണിലെ കരടാവുകയായിരുന്നു. 2019ല്‍ അറസ്ററിലായ 52കാരനായ അസാന്‍ജ് ഇംഗ്ളണ്ടിലെ അതിസുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലിലായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *