തെഹ്‌റാന്‍ – അല്‍ഹിലാല്‍ ജഴ്‌സിയില്‍ അഞ്ചാം തവണ ഇറങ്ങിയ ബ്രസീല്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മാര്‍ ക്ലബ്ബിനായി ആദ്യ ഗോള്‍ കണ്ടെത്തി. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അല്‍ഹിലാല്‍ 3-0 ന് നസാജി മസന്ദാരനെ തോല്‍പിച്ചു. കഴിഞ്ഞയാഴ്ച സൗദി പ്രൊ ലീഗില്‍ അല്‍ശബാബിനെതിരെ നെയ്മാര്‍ പെനാല്‍ട്ടി പാഴാക്കിയിരുന്നു. 
തെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തില്‍ നെയ്മാറിനെതിരെ ആതിഥേയ ആരാധകര്‍ കുപ്പികളും മറ്റും വലിച്ചെറിഞ്ഞു. സ്‌റ്റേഡിയത്തിന്റെ അവസ്ഥയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതാവാം അവരെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. അമ്പത്തെട്ടാം മിനിറ്റില്‍ ഹിലാലിന്റെ രണ്ടാം ഗോളടിച്ചാണ് നെയ്മാര്‍ ഗാലറിയെ നിശ്ശബ്ദമാക്കിയത്. 
അലക്‌സാണ്ടര്‍ മിത്രോവിച്ചിലൂടെ പത്താം മിനിറ്റില്‍ അല്‍ഹിലാല്‍ മുന്നിലെത്തി. സാലിഹ് അല്‍ശെഹരി ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോള്‍ നേടി. നാല് പോയന്റുമായി ഹിലാല്‍ ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്താണ്. 
മുപ്പത്തെട്ടാം മിനിറ്റ് മുതല്‍ ഇരു ടീമുകളും പത്തു പേരുമായാണ് കളിച്ചത്. ഹിലാലിന്റെ സല്‍മാന്‍ അല്‍ഫറജും നസാജിയുടെ ആമിര്‍ മുഹമ്മദ് ഹൂഷ്മന്ദും ചുവപ്പ് കാര്‍ഡ് കണ്ടു. 
ഗ്രൂപ്പ് എ-യില്‍ സൗദി ക്ലബ്ബ് അല്‍ഫയ്ഹ 2-0 ന് ഉസ്‌ബെക്കിസ്ഥാനില്‍ പാഖ്തകോറിനെ തോല്‍പിച്ചു. മൊറോക്കോക്കാരന്‍ അബ്ദുല്‍ഹമീദ് സാബിരി രണ്ടു ഗോളുമടിച്ചു. 
ഐ.എസ്.എല്‍ ടീം മുംബൈ സിറ്റി ഗ്രൂപ്പ് ഡി-യിലെ രണ്ടാമത്തെ കളിയും തോറ്റു. ഉസ്‌ബെക്കിസ്ഥാനിലെ നവ്ബഹോര്‍ നമംഗന്‍ 3-0 ന് അവരെ തോല്‍പിച്ചു. മുംബൈയിലെ ഹോം മത്സരത്തില്‍ നസാജിയോട് 0-2 ന് മുംബൈ തോറ്റിരുന്നു.
 
2023 October 4Kalikkalamtitle_en: Neymar scores his 1st goal in 5th appearance for Al-Hilal

By admin

Leave a Reply

Your email address will not be published. Required fields are marked *