ബ്രാറ്റിസ്ലാവ: സ്ലോവാക്യയില്‍ പോപുലിസ്ററ് പാര്‍ട്ടി അധികാരത്തിലെത്തുന്നത് റഷ്യക്ക് പ്രതീക്ഷ പകരുന്നു. സ്ളോവാക്യന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ പോപുലിസ്ററ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കും. റഷ്യന്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്ന അപൂര്‍വം യൂറോപ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് സ്ളോവാക്യയയിലെ പോപുലിസ്ററ് പാര്‍ട്ടി.
മുന്‍ പ്രധാനമന്ത്രിയായ ഇടതുനേതാവ് റോബര്‍ട്ട് ഫികോ വീണ്ടും അധികാരത്തിലെത്തും. ഇതോടെ രാജ്യത്തിന്റെ വിദേശനയത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന സ്ലോവാക്യ അവര്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കിവന്ന രാജ്യമായിരുന്നു. യുക്രെയ്ന് സൈനിക സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നയാളും യൂറോപ്യന്‍ യൂനിയനെയും നാറ്റോയെയും വിമര്‍ശിക്കുന്നയാളുമാണ് ഫികോ.
റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ആയുധ സഹായം നല്‍കിയും അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്നും യുക്രെയ്ന് ഉറച്ചപിന്തുണ നല്‍കിവന്ന രാജ്യത്താണ് അധികാരമാറ്റം വഴിത്തിരിവാകുന്നത്. കടുത്ത റഷ്യന്‍ അനുകൂല നിലപാടുള്ള തീവ്ര ദേശീയ കക്ഷിയായ സ്ലോവാക്യ നാഷനല്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാകും ഭരണമെന്നത് ഇതിന് ആക്കം കൂട്ടും.