ഡൽഹി: നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം നെറ്റ്, യുജിസി, സിഎസ്ഐആർ പരീക്ഷകൾ മാറ്റിവയ്ക്കുകയും റദ്ദാക്കുകയും ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്യുഐ ദേശീയ പ്രസിഡന്റ് വരുൺ ചൗധരി. എൻടിഎ നിരോധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും എൻടിഎയും ഭയപ്പെടുന്നുവെന്നും, അതുകൊണ്ടാണ് നീറ്റ്, യുജിസി, ഇപ്പോൾ സിഎസ്ഐആർ തുടങ്ങിയ പരീക്ഷകൾ മാറ്റിവയ്ക്കുന്നതെന്നും വരുൺ ചൗധരി സൂചിപ്പിച്ചു.
പരീക്ഷ പേപ്പർ അവർ നേരത്തേയും ചോർത്തിയിരുന്നു, എന്നാൽ ഇപ്പോൾ പിടിക്കപ്പെട്ടപ്പോൾ മറ്റ് പരീക്ഷകൾ മാറ്റി വച്ച് രക്ഷപെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിക്ക് സിഎസ്ഐആറുമായി ബന്ധമുള്ളതിനാൽ ജൂൺ 24 ന് പാർലമെന്റ് ആരംഭിക്കുന്നതിന് മുമ്പ് എൻടിഎ നിരോധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.
ഇത് സാധ്യമായില്ലെങ്കിൽ ജൂൺ 24 ന് ഞങ്ങൾ പാർലമെന്റിൽ പ്രതിഷേധിക്കും,’- വരുൺ ചൗധരി വ്യക്തമാക്കി.