ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിന് ചോര്‍ന്നതിന് പിന്നാലെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ, സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.
ജൂണ്‍ 18ന് നടന്ന നെറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അജ്ഞാത വ്യക്തികള്‍ക്കെതിരെ കേസെടുത്തതായി സിബിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നെറ്റ് പരീക്ഷയിലും ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഡാര്‍ക്ക്നെറ്റില്‍ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്.
പുതിയ പരീക്ഷ നടത്താനാണ് തീരുമാനമെന്നും, വിശദാംശങ്ങള്‍ പ്രത്യേകം അറിയിക്കുമെന്നും, അന്വേഷണം സിബിഐയെ ഏല്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യത്തെ 317 നഗരങ്ങളിലായി രജിസ്റ്റർ ചെയ്ത 11.21 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളിൽ 81 ശതമാനം പേരും നെറ്റ് പരീക്ഷ എഴുതിയതായി യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ പറഞ്ഞിരുന്നു. ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റൻ്റ് പ്രൊഫസർ’, ‘ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ’ എന്നീ തസ്തികകളിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള പരീക്ഷയാണ് യുജിസി-നെറ്റ്.