ഡൽഹി: യമുനയിലേക്ക് അധിക ജലം ഒഴുക്കിവിടാൻ ഡൽഹി സർക്കാർ ഹരിയാനയോട് അഭ്യർഥിച്ചതായി മുതിർന്ന എഎപി നേതാവും മന്ത്രിയുമായ അതിഷി. ദേശീയ തലസ്ഥാനത്തെ ജലക്ഷാമം കണക്കിലെടുത്താണ്‌ നീക്കം.
മുനക് കനാലിലെയും വസീറാബാദ് റിസർവോയറിലെയും ശുദ്ധ ജലത്തിന്‍റെ അഭാവം മൂലം തലസ്ഥാനം പ്രതിദിനം 70 ദശലക്ഷം ഗാലൻ ഉൽപാദനത്തിൽ കുറവ് നേരിടുന്നുണ്ടെന്ന് ഡൽഹിയിലെ ജലമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
വെള്ളത്തിന്‍റെ അഭാവം കാരണം ജൂൺ 6 ന് ഡൽഹിയിൽ 1,002 എംജിഡി സാധാരണ ജല ഉത്പാദനം വെള്ളിയാഴ്‌ച 932 എംജിഡി ആയി കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി.
‘മനുഷ്യത്വപരമായ കാരണങ്ങളാൽ നഗരത്തിലെ ജനങ്ങൾക്കായി അധിക ജലം വിട്ടുനൽകാൻ ഡൽഹി സർക്കാർ ഹരിയാനയോട് അഭ്യർഥിച്ചു’, ചൂട് തരംഗങ്ങൾ കുറഞ്ഞതിന് ശേഷം യമുന ജലത്തിന്‍റെ വിഹിതം സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നും അതിഷി ചൂണ്ടിക്കാട്ടി.
ഹരിയാനയിൽ നിന്ന് വേണ്ടത്ര വെള്ളം എത്താത്തതിനാൽ ഡൽഹിയിലെ ജല ഉൽപ്പാദനം 932 എംജിഡി ആയി കുറഞ്ഞു. വസീറാബാദ് ബാരേജിലെ ജലനിരപ്പ് ആറടി താഴ്ന്ന് 668.5 അടിയായി, മുനക് കനാലിൽ നിന്ന് ലഭിക്കുന്ന വെള്ളം 902 ക്യുസെക്‌സായി കുറഞ്ഞു.
വസീറാബാദ് ബാരേജിലെ ജലനിരപ്പ് 674.5 അടി ആയിരിക്കണം എന്നാൽ ഇപ്പോൾ 668.5 അടി മാത്രമാണ്. വസീറാബാദ് ബാരേജിലെ വെള്ളം ഏതാണ്ട് വറ്റിതുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *