മുടിയുടെ സംരക്ഷണത്തിന് ഏറെ സഹായകമായ ഒരു വസ്തുവാണ് നെല്ലിക്ക. ശ്രദ്ധയോടെ നെല്ലിക്ക പ്രയോഗിച്ചാൽ മുടിയുടെ പല പ്രശ്നങ്ങളും പമ്പ കടക്കും. വൈറ്റമിൻ സി, ടാൻ എന്നിവയുടെ കലവറയായ നെല്ലിക്ക മുടിയുടെ വളർച്ചാവേഗം കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. നിരവധി ഹെയര്കെയർ ഉത്പന്നങ്ങളിൽ നെല്ലിക്ക സജീവമായി ഉപയോഗിക്കുന്നുണ്ട്.
മുടിയുടെ പരിചരണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അതിനൊപ്പം നെല്ലിക്കയും ചേരുമ്പോൾ മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവയ്ക്കെല്ലാം ആശ്വാസം ലഭിക്കും. ഒലീവ് ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഒരു പാനിൽ ചൂടാക്കുക. ഇതിലേക്ക് നെല്ലിക്കാപ്പൊടി ചേർക്കുക. ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കുക. അതിനുശേഷം ഇളം ചൂടോടെ അൽപമെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് മുടിക്ക് നല്ലതാണ്.
കറിക്ക് മാത്രമല്ല മുടിയ്ക്കും നല്ലതാണ് കറിവേപ്പില. ഫംഗസുകളെയും മറ്റു സൂക്ഷ്മ ജീവികളെയും ഇല്ലാതാക്കാനുള്ള കഴിവ് കറിവേപ്പിലയ്ക്കുണ്ട്. ഇത് മുടിയെ ആരോഗ്യത്തോടെ നിർത്താൻ സഹായിക്കുന്നു. വെളിച്ചെണ്ണ നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് കറിവേപ്പിലയും നെല്ലിക്ക ചതച്ചതും ചേർക്കണം. വെളിച്ചെണ്ണ ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കുക. അതിനുശേഷം വെളിച്ചെണ്ണ അരിച്ചെടുത്ത് ചെറു ചൂടോടെ തലയിൽ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. അരമണിക്കുറിന് ശേഷം കഴുകി കളയാം.
നിറം നൽകാൻ മാത്രമല്ല താരൻ, അകാലനര എന്നിവ ഇല്ലാതാക്കാനും മൈലാഞ്ചിക്ക് സാധിക്കും. നെല്ലിക്കാപ്പൊടിയും ഉണക്കിയ മൈലാഞ്ചിയും ചേർത്ത് ചൂടുവെള്ളത്തിൽ മിക്സ് ചെയ്യുക. കുഴമ്പ് രൂപത്തിൽ ആയതിന് ശേഷം ഒരു രാത്രി സൂക്ഷിച്ചുവയ്ക്കുക. പിറ്റേ ദിവസം രാവിലെ തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മാസത്തിൽ ഒരിക്കൽ മാത്രമേ ഇത് ചെയ്യാവൂ. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ കരുത്തിനും വളർച്ചയ്ക്കും മികച്ചതാണ്. മുട്ടയുടെ വെള്ള മാത്രം എടുത്ത് അതൊരു ബൗളിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഈ പേസ്റ്റ് മുടിയുടെ മുകളിൽ മാസ്ക് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ ഒരിക്കൽ ആവർത്തിക്കുക.
തലമുടിയുടെ വേരുകൾക്ക് ഉറപ്പ് ലഭിക്കാനും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാനും ഉലുവയുടെ ഉപയോഗം സഹായിക്കും. നെല്ലിക്കാപ്പൊടിയും ഉലുവപ്പൊടിയും ചൂടുവെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക. ആ മിശ്രിതം ഒരു രാത്രി സൂക്ഷിച്ചശേഷം പിറ്റേന്ന് രാവിലെ മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇത് ചെയ്യാം.