പേടികൊണ്ട് ശരിക്കൊന്നുറങ്ങാറില്ലെന്ന് ജനങ്ങൾ, ഭയത്തിന് പേരുകേട്ട ദ്വീപ്

പല പേരുകേട്ട ദ്വീപുകളും പല രാജ്യത്തുമുണ്ട്. ചിലത് ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ടതാവാം, കാണാൻ മനോഹരമായിരിക്കാം. എന്നാൽ, ഈ ദ്വീപ് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അത് പേരുകേട്ടിരിക്കുന്നത് ഭയത്തിനാണ്. അതേ, ഈ ദ്വീപിലെ ജനങ്ങൾ വലിയ പേടിയോടെയാണ് ഓരോ ദിവസവും ജീവിക്കുന്നത്. 

ദക്ഷിണ കൊറിയയിലെ യോൺപിയോങ് ദ്വീപിനെ കുറിച്ചാണ് പറയുന്നത്. ഉത്തര കൊറിയയുടെ അതിർത്തിയിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെ മാത്രമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പേടി കാരണം തങ്ങൾക്ക് ശരിക്കൊന്ന് ഉറങ്ങാൻ പോലും സാധിക്കുന്നില്ല എന്നാണ് ഇവിടുത്തുകാർ പറയുന്നത്. 

എപ്പോൾ വേണമെങ്കിലും ശത്രുരാജ്യം അക്രമിച്ചേക്കാം എന്ന ഭയത്തോടെയാണത്രെ ഇവിടുത്തെ ആളുകൾ ജീവിക്കുന്നത്. ശാന്തമായി പോയിക്കൊണ്ടിരിക്കുകയായിരുന്ന ദ്വീപിൽ ജനുവരി മാസം പ്യോങ്‌യാങ് ആക്രമണം നടത്തിയതോടെയാണ് ഈ പേടിയുണ്ടായി വന്നത് എന്നാണ് ദ്വീപിൽ കഴിയുന്നവർ പറയുന്നത്. അന്ന് ജനങ്ങൾക്ക് ദ്വീപിലെ ബോംബ് ഷെൽട്ടറുകളിൽ ഒളിച്ചിരിക്കേണ്ടി വന്നു. 

ആ ആക്രമണം തനിക്ക് മറക്കാൻ സാധിച്ചിട്ടില്ല എന്ന് ജംഗ് യൂൻ ജിൻ എന്ന യുവതി ഒരു അഭിമുഖത്തിൽ പറഞ്ഞു. “രാത്രിയിൽ, ഒരു ചെറിയ ശബ്ദമുണ്ടായാൽ പോലും അതെന്നെ ഉത്കണ്ഠാകുലയാക്കുന്നു” എന്നാണ് അവൾ പറഞ്ഞത്. എന്തും സംഭവിക്കാം എന്ന പേടിയുള്ളതിനാൽ ഉറങ്ങുമ്പോൾ ലൈറ്റ് പോലും ഓഫാക്കാതെയാണ് ഉറങ്ങുന്നത് എന്നും അവൾ‌ പറഞ്ഞു. 

2010 -ലെ ആക്രമണത്തെത്തുടർന്ന് ദക്ഷിണ കൊറിയൻ സർക്കാർ എട്ട് സ്റ്റേറ്റ് ബങ്കറുകൾ നിർമ്മിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ആ ആക്രമണത്തിൽ രണ്ട് സാധാരണക്കാർക്കും രണ്ട് സൈനിക ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടു. ഒരാഴ്ചത്തെ ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ഗ്യാസ് മാസ്‌കുകൾ, ബെഡ്‌ഡിംഗ് ഷവറുകൾ, പുറത്ത് നിന്നുള്ള ചിത്രങ്ങൾ കാണിക്കുന്ന സ്‌ക്രീൻ എന്നിവയെല്ലാം ബങ്കറിൽ ഒരുക്കിയിട്ടുണ്ട്. 

By admin