കോട്ടയം : ബി.ജെ.പി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത്, ബി.ഡി.ജെ.എസിന് നിർണായക സ്വാധീനം ഉള്ള പ്രദേശം, പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കുമരകത്ത് എൻ.ഡി.എ സ്ഥാനാർഥി മൂന്നാമത്. കുമരകത്ത് തുഷാർ വെള്ളാപ്പള്ളി രണ്ടാം സ്ഥാനത്ത് പോലും എത്താത്തത് ചർച്ചയാകുന്നു.
കുമരകം പഞ്ചായത്തിലെ 18 ബൂത്തുകളിൽ നിന്നും തോമസ് ചാഴികാടൻ 5412 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനം ഫ്രാൻസിസ് ജോർജിനാണ്, 3778 വോട്ട്. പഞ്ചായത്ത് പരിധിയിൽ നിർണായക സ്വാധീനം അവകാശപ്പെടുന്ന തുഷാർ വെള്ളാപ്പള്ളിക്ക് 2646 വോട്ടുകൾ നേടാനെ സാധിച്ചുള്ളു.
തുഷാർ പിന്നിൽ പോയതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നില്ലെങ്കിലും നിർണായക സ്വാധീന മേഖലയിൽ വോട്ട് കുറഞ്ഞത് ഇതിനോടകം ചർച്ചയായി കഴിഞ്ഞു. വോട്ട് കുറഞ്ഞത് ബി.ജെ.പിക്കും ബി.ഡി.ജെ.എസിനും ഒരുപോലെ ക്ഷീണമാണ്. ഇക്കുറി കുമരകത്ത് വൻ കടന്നുകയറ്റമാണ് എൻ.ഡി.എ പ്രതീക്ഷിച്ചത്.
കുടുംബയോഗങ്ങൾ ഉൾപ്പെടെ നടത്തി വോട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. കുമരകത്ത് നിന്നു മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പറഞ്ഞ തുഷാറിൻ്റെ വാക്കുകൾ എൽ.ഡി.എഫിനെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു.
പക്ഷേ ഫലം പുറത്തുവരുമ്പോൾ സമ്മർദത്തിലാകുന്നത് ബി.ജെ.പി – ബി.ഡി.ജെ.എസ് പ്രാദേശിക നേതൃത്വമാണ്. പ്രതീക്ഷിച്ച വോട്ട് ലഭിക്കാതെ വന്നത് പലരുടെയും സ്ഥാനം തെറിപ്പിക്കുമോയെന്ന ആശങ്കയാണുള്ളത്.
അതേസമയം എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ കുമരകത്ത് മുൻപിലെത്തിയത് ചൂണ്ടിക്കാട്ടി സി.പി.എം. വോട്ടുകൾ ബി.ഡി.ജെ.എസിലേക്ക് പോയി എന്ന ആരോപണങ്ങൾക്കു തടയിടാനുള്ള നീക്കങ്ങളും സി.പി.എം നേതാക്കൾ ആരംഭിച്ചിട്ടുണ്ട്.
ബി.ഡി.ജെ.എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പിടിച്ച വോട്ടുകൾ ഇടതിന് വലിയ ക്ഷീണം ചെയ്തില്ലെന്ന് സമര്‍ധിക്കാന്‍ സിപിഎം കുമരകത്തെ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അത് കുമരകത്തെ മാത്രം പ്രതിഭാസം ആണെന്നാണ് ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് .
ഇടതു വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്. കുമരകത്ത് 1705 വോട്ട് ലീഡ് ചാഴികാടന് ലഭിച്ചെന്നും കഴിഞ്ഞ ദിവസം മന്ത്രി വി.എൻ. വാസവനും പറഞ്ഞിരുന്നു. കോട്ടയത്ത് പ്രചാരണം നടത്താതെ പത്തനംതിട്ടയിൽ പ്രചാരണത്തിനായി വാസവൻ പോയത് ബി.ഡി.ജെ.എസിന് വോട്ടു പിടിക്കാൻ സാഹചര്യം ഒരുക്കുന്നതിൻ്റെ ഭാഗമായാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.