സിനിമാപ്രേമികളെ സംബന്ധിച്ച് എപ്പോഴും കാത്തിരിപ്പ് ഉണര്‍ത്തുന്ന കോമ്പിനേഷനുകളിലൊന്നാണ് ജീത്തു- ജോസഫ് മോഹന്‍ലാല്‍. ഇരുവരും ഒന്നിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റ് ആണ് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന റാം. വിവിധ രാജ്യങ്ങളില്‍ ചിത്രീകരണമുള്ള സിനിമയുടെ ഷൂട്ടിംഗ് കൊവിഡ് കാലത്ത് മുടങ്ങിയതാണ്. ചിത്രം ഉപേക്ഷിക്കില്ലെന്ന് ജീത്തു പലകുറി വ്യക്തമാക്കിയതാണ്. ബിഗ് ബോസില്‍ അതിഥിയായി എത്തിയപ്പോള്‍ റാമിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
മത്സരാര്‍ഥികളില്‍ ഒരാളായ അര്‍ജുന്‍ ആണ് റാമിനെക്കുറിച്ച് ചോദിച്ചത്. അങ്ങയുടെ ഏതെങ്കിലും സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണോ എന്ന് ചോദിച്ച അര്‍ജുന്‍ റാം എന്ന പേരും പറഞ്ഞു. ജീത്തു ഉടന്‍ മറുപടി പറഞ്ഞു- “അതിന് കാത്തിരിക്കുകയാണ്. അത് പുനരാരംഭിക്കാനായുള്ള ആലോചനയില്‍ അതിനായുള്ള എഫര്‍ട്ട് നടന്നുകൊണ്ടിരിക്കുകയാണ്. അത് അടുത്ത മാസമെങ്കിലും തുടങ്ങണം എന്ന പ്രതീക്ഷയിലാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ബാക്കി പ്രോജക്റ്റുകളൊക്കെ ഞാന്‍ തള്ളിവച്ചിരിക്കുന്നത്. കാരണം അതൊരു പ്രയോറിറ്റിയാണ്. അത്രയും ഇന്‍വെസ്റ്റ് ചെയ്ത നിര്‍മ്മാതാക്കളെ നമ്മള്‍ പിന്തുണയ്ക്കണമല്ലോ”, ജീത്തു ജോസഫിന്‍റെ വാക്കുകള്‍.
മത്സരാര്‍ഥികള്‍ക്കുവേണ്ടി ബിഗ് ബോസ് നടത്തിയ ഫിലിം ഓഡിഷനില്‍ പങ്കെടുക്കാനാണ് ജീത്തു ജോസഫും ആന്‍റണി പെരുമ്പാവൂരും ഹൗസില്‍ എത്തിയത്. ജീത്തുവിനും ആന്‍റണിക്കും മുന്നില്‍ അഭിനയപ്രകടനങ്ങള്‍ നടത്തിയ മത്സരാര്‍ഥികളെ ഇരുവരും വിലയിരുത്തി. ഫിനാലെ വേദിയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് റാം. ചിത്രത്തിന്‍റെ രചനയും ജീത്തുവിന്‍റേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ALSO READ : 12 കോടി ബജറ്റ്, കരിയറിലെ ഏറ്റവും വലിയ വിജയം; തമിഴിലെ അടുത്ത താരം? ‘സ്റ്റാര്‍’ ഒടിടിയില്‍