മോസ്കോ: റഷ്യയിലെ സെൻ്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള നദിയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വെലിക്കി നോവ്ഗൊറോഡിലുള്ള യാരോസ്ലാവ് ദി വൈസ് നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽപഠിക്കുന്നവരാണ് അപകടത്തില്‍പെട്ടത്. വോൾഖോവ് നദിയിലാണ് അപകടമുണ്ടായത്.
ഹർഷൽ അനന്തറാവു ദെസാലെ, ജിഷാൻ അഷ്പക് പിഞ്ചാരി, ജിയ ഫിറോജ് പിഞ്ചാരി, മാലിക് ഗുലാംഗൗസ് മുഹമ്മദ് യാക്കൂബ് എന്നിവരാണ് മരിച്ചത്. നിഷ ഭൂപേഷ് സോനവാനെയാണ് രക്ഷപ്പെട്ടത്.
മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നിന്നുള്ളവരാണ് ഇവര്‍. ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. രണ്ട് വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. വിദ്യാർത്ഥികൾ 18 നും 20 നും ഇടയിൽ പ്രായമുള്ളവരാണ്. ജിഷാൻ അഷ്പക് പിഞ്ചാരി, ജിയ ഫിറോജ് പിഞ്ചാരി എന്നിവർ സഹോദരങ്ങളായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ജിഷാന്‍ കുടുംബാംഗങ്ങളുമായി വീഡിയോ കോളിലൂടെ സഞ്ചരിച്ചിരുന്നു.
അഞ്ചു പേരും നദി തീരത്തിലൂടെ നടക്കവെ, ഒരാള്‍ വെള്ളത്തിലേക്ക് വീണു. രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടതെന്നാണ് വിവരം.