ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എത്രയും പെട്ടെന്ന് അത് ചെയ്യണമെന്നും എന്‍ഡിഎ യോഗത്തില്‍ നിതീഷ് പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയായിരിക്കും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയെന്നാണ് പുതിയ അഭ്യൂഹം.
ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്ന് എന്‍ഡിഎ യോഗത്തില്‍ തീരുമാനിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജെഡിയു നേതാക്കളായ ലല്ലൻ സിംഗ്, സഞ്ജയ് ഝാ എന്നിവർ യോഗത്തിൽ പങ്കെടുത്തു.