കോട്ടയം: വിജയാഘോഷങ്ങൾക്കിടയിലും കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്തത് യുഡിഎഫില്‍ ചർച്ചയാകുന്നു. പുതുപ്പള്ളി, പിറവം, കോട്ടയം മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്ന വിലയിരുത്തലാണ് ഉള്ളത്.
ഒപ്പം യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 56415 വോട്ട് കുറഞ്ഞ സാഹചര്യവും വിലയിരുത്തപ്പെടും. സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയില്‍ ഉള്‍പ്പെടെ നേതാക്കള്‍ തമ്മിലുള്ള ഭിന്നതയാണ് യുഡിഎഫിന് ഭൂരിപക്ഷം കുറച്ചതെന്ന ആക്ഷേപമാണ് വിജയാഘോഷ വേളയിലും ഉയർന്നു വരുന്നത്.
ഒന്നര ലക്ഷം വരെ ഭൂരിപക്ഷം ഉയർത്താനുള്ള സാഹചര്യം മണ്ഡലത്തിലുണ്ടായിരുന്നു എന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്ക് ഉണ്ട്. പ്രചാരണ കാലത്തടക്കം കേരളാ കോൺഗ്രസ് – കോൺഗ്രസ് നേതാക്കൻന്മാർ തമ്മിൽ ഉണ്ടായിരുന്നത് നല്ല ബന്ധമായിരുന്നില്ല. പലപ്പോഴും ഇരു വിഭാഗം നേതാക്കൾ തമ്മിൽ കൂടിയാലോചനയില്ലാത്ത അവസ്ഥയും ഉണ്ടായിരുന്നു.
കോൺഗ്രസ് നേതാക്കൾ ആഗ്രഹിച്ച സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതു മുതൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ അതൃപ്തിയിലായിരുന്നു. ഇത് സംഘടനാ പ്രവർത്തനങ്ങൾ ഒരു പരിധിവരെ നിർജീവമാക്കി.
ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ വാർഡിൽ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാമത് പോയി. ഇവിടെ തുഷാർ വെള്ളാപ്പള്ളി മുന്നിൽ എത്തിയതും യുഡിഎഫിൽ ചർച്ചയായിട്ടുണ്ട്. കോട്ടയം നഗരസഭയിലെ 42 -ാം നമ്പർ വാർഡിലാണ് തുഷാർ മുന്നിലെത്തിയത്. ഇവിടെ ഫ്രാൻസിസ് ജോർജ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.
താഴെത്തട്ടിലടക്കം പ്രവർത്തനം തടസപ്പെട്ടിട്ടും ഫ്രാൻസിസ് ജോർജിൻ്റെ വിജയത്തിലേക്ക് നയിച്ചത് സംസ്ഥാനത്ത് ആഞ്ഞടിച്ച പിണറായി വിരുദ്ധ തരങ്കമാണെന്ന വിലയിരുത്തലാണ് പൊതുവിൽ ഉള്ളത്. സ്ഥാനാര്‍ഥിക്കു മണ്ഡലത്തില്‍ വേരുകളില്ലാതിരുന്നതും തുടര്‍ച്ചയായ മുന്നണി മാറ്റങ്ങളും വോട്ട് കുറയാന്‍ ഇടയാക്കി.
ഭൂരിപക്ഷം കുറഞ്ഞതടക്കമുള്ള വിഷയങ്ങൾ വരും ദിവസങ്ങളില്‍ യുഡിഎഫിൽ ചര്‍ച്ചകളും അസ്വസ്ഥതകളും വര്‍ധിക്കുമെന്ന് ഉറപ്പ്. അതേസമയം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വിജയത്തോടെ കേരള കോൺഗ്രസ് – ജോസഫ് വിഭാഗം സംസ്ഥാന പാർട്ടിയായി മാറും. സ്വന്തമായി ചിഹ്നവും ലഭിക്കും.