തൃശൂര്‍: കെ മുരളീധരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ കോഴിക്കോട്ടെത്തും. തൃശൂരിലെ പരാജയത്തിനു ശേഷം വൈകാരികമായി പ്രതികരിച്ച മുരളീധരനെ നേരില്‍ കണ്ട് സംസാരിക്കാനാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ തീരുമാനം.
താനിനി മല്‍സരിക്കാനില്ലെന്നും പൊതു പ്രവര്‍ത്തനത്തില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുകയാണെന്നുമാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മുമ്പും ഇത്തരത്തില്‍ വൈകാരികമായി പ്രതികരിച്ചിട്ടുള്ള മുരളിയുടെ ഈ വാക്കുകളെയും അതേനിലയില്‍ തന്നെയെ കോണ്‍ഗ്രസ് കാണുന്നുള്ളു.
എങ്കിലും പാര്‍ട്ടിക്കായ് സിറ്റിംങ്ങ് സീറ്റില്‍ നിന്നും മാറി ഫൈറ്റിംഗ് സീറ്റില്‍ മല്‍സരിച്ചിട്ട് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന നേതാവിനോടുള്ള അനുകമ്പ നേതാക്കള്‍ക്കുണ്ട്. അതിനാലാണ് തരം കിട്ടിയാലൊക്കെ മുരളിയെ കുത്തുന്ന സ്വഭാവമുള്ള രാജ്മോഹന്‍ ഉണ്ണിത്താന്‍ പോലും മുരളിക്ക് അനുകൂലമായി രംഗത്ത് വന്നത്.
മുരളീധരന് കേരളത്തിലെ പൊതുസമൂഹത്തിലുള്ള സ്വീകാര്യത കോണ്‍ഗ്രസിനറിയാം. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ പരാതികള്‍ പരിഹരിച്ച് അദ്ദേഹത്തെ സജീവമാക്കാനാണ് തീരുമാനം.
സാധ്യമെങ്കില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുരളീധരനെ മല്‍സരിപ്പിക്കുന്നതും കോണ്‍ഗ്രസ് പരിഗണിക്കും. മുരളീധരന്‍ സമ്മതിച്ചാല്‍ അദ്ദേഹത്തെ തന്നെ പാലക്കാട് മല്‍സരിപ്പിക്കുന്നതിലാകും കോണ്‍ഗ്രസിന്‍റെ പ്രഥമ പരിഗണന.