കോലിയും രോഹിത്തും ഓപ്പൺ ചെയ്യും, ജയ്സ്വാളും സഞ്ജുവും പുറത്താകും; അയർലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് അയര്‍ലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമോ എന്നതും മലയാളികള്‍ ഉറ്റുനോക്കുന്നു. എന്നാല്‍ ഇന്ത്യൻ ക്യാംപില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഇന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയാകും ഓപ്പണറായി ഇറങ്ങുക. മൂന്നാം നമ്പറില്‍ സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് ആകും എത്തുക.
ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യം പ്രതിരോധിക്കുക എന്നത് കൂടി പന്തിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമാണ്. ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടത്തില്‍ ഇടം കൈയന്‍ സ്പിന്നര്‍മാരെ കളിക്കാന്‍ ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിയിരുന്നു. ഓപ്പണിംഗിലിറങ്ങുന്ന വിരാട് കോലിക്കും രോഹിത് ശര്‍മക്കും ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്ഡില്ലെന്നതും ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്ന ഘടകമാണ്.
നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ ഇടം കൈയനായ ശിവം ദുബെ അഞ്ചാം നമ്പറിലെത്തും. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ അടിച്ചു പറത്തുക എന്നതാവും ദുബെയുടെ ചുമതല. ഹാര്‍ദ്ദിക് പാണ്ഡ്യ ആറാമതും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും എത്തുമ്പോള്‍ ഫിംഗര്‍ സ്പിന്നറായ യുസ്വേന്ദ്ര ചാഹലിന് പകരം അക്സര്‍ പട്ടേലിനാവും ഇന്ത്യ ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുക എന്നാണ് കരുതുന്നത്. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി കളിക്കുമ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.
അയര്‍ലന്‍ഡിനെതിര ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്.