മോഡിയെയും ബി.ജെ.പിയെയും വിറപ്പിച്ച തിരഞ്ഞെടുപ്പ് ഫലത്തോടെ ഡൽഹിയിൽ കിംഗ് മേക്കറായി കെ.സി വേണുഗോപാൽ. തിരഞ്ഞെടുപ്പിന് മുൻപേ പരസ്പരം കടിച്ചുകീറുമെന്ന് എല്ലാവരും വിധിയെഴുതിയ 27 കക്ഷികളുടെ നേതാക്കളെ ഒരുമിപ്പിച്ച് ഐക്യ കാഹളം മുഴക്കി ഇന്ത്യാ മുന്നണിയുടെ അമരക്കാരനായി കെ.സി. കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും ഇന്ത്യാ മുന്നണിയെ വൻവിജയമാക്കി. പ്രതിപക്ഷത്തിന്റെ ഐക്യകാഹളം മുഴങ്ങിയത് കേജരിവാളിന്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ നടത്തിയ മഹാറാലിയിൽ. ദേശീയ രാഷ്ട്രീയത്തിൽ ചാണക്യനായി കെ.സി തിളങ്ങുന്നു

Byadmin

Jun 4, 2024

ഡൽഹി: പരസ്പരം കടിച്ചുകീറാൻ വെമ്പിനിന്ന 28 കക്ഷികളുടെ നേതാക്കളെ ഒരു വേദിയിലെത്തിച്ച് കൈകോ‌ർത്ത് പിടിച്ച് ഐക്യകാഹളം മുഴക്കി ഇന്ത്യാ മുന്നണിയുടെ അമരക്കാരനായി മാറി ദേശീയ രാഷ്ട്രീയത്തിൽ കളംനിറഞ്ഞ് കിംഗ് മേക്കറായി കെ.സി വേണുഗോപാൽ. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്തത്തിൽ നിന്നുകൊണ്ട് രാജ്യമാകെ പാർട്ടി സംഘടനാ സംവിധാനം ചലിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും കെ.സിക്ക് കഴിഞ്ഞു.
ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ പടയാളികളായി മാറിയത് മല്ലികാർജ്ജുൻ ഖാർഗയെയും രാഹുൽഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമാണ്. ഇവർക്കെല്ലാം ഏകോപന പാതയൊരുക്കിയത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും.

തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. ബിജെപിയുടെ അജണ്ടയ്ക്ക് പിറകെ പോകുന്നതിന് പകരം കോൺഗ്രസ് തിരികൊളുത്തിയ പ്രചരണത്തിന് പിന്നാലെ ബിജെപിയെ കൊണ്ടുവന്നു. ബിജെപിയെപ്പോലും മറികടക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് ആയിരുന്നു കോൺഗ്രസ് ഇത്തവണ പുറത്തെടുത്തത്.

സ്ഥാനാർത്ഥി നിർണ്ണയത്തിലും ജനക്ഷേമ പദ്ധതികൾ ഉൾപ്പെടുന്ന പ്രകടന പത്രിക തയ്യാറാക്കുന്നതിലും കോൺഗ്രസ് മികച്ചുനിന്നു. കുറ്റമറ്റതും തർക്കരഹിതവുമായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക. കോൺഗ്രസിന്റെ ഓരോ സംസ്ഥാനങ്ങളിലെയും സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ കെ.സി.വേണുഗോപാൽ നേരിട്ട് പങ്കെടുത്താണ് സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. ഇതാണ് ഇന്ത്യാ മുന്നണിയുടെ വിജയത്തിൽ നിർണായകമായത്.
ഇന്ത്യാസഖ്യത്തിലെ മറ്റ് 27 കക്ഷികൾക്കുംകൂടി 120ൽ പരം സീറ്റ് ലഭിക്കണമെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യാ സഖ്യത്തിനായി കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറായത്. 2019 ലെ 423 സീറ്റിൽ നിന്ന് 300നടുത്ത് സീറ്റുകളിലേക്കു കോൺഗ്രസ് മത്സരം ചുരുക്കിയതും ഈ സഖ്യശക്തിയുടെ വിജയം ലക്ഷ്യമിട്ടാണ്.  
ഈ തന്ത്രത്തിന് പിന്നിൽ കെ.സി വേണുഗോപാലിന്റെ ബുദ്ധിയായിരുന്നു. ആലപ്പുഴയിലെ വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രതിപക്ഷ കക്ഷികളുടെ മഹാസംഗമത്തിനായി ഡൽഹിയിൽ പറന്നെത്തി ഒരുക്കങ്ങളെല്ലാം നിർവഹിച്ച കെ.സി വേണുഗോപാൽ കോൺഗ്രസിന്റെ ദേശീയ മുഖവും ഇന്ത്യാമുന്നണിയുടെ നെടുംതൂണുമായി മാറുകയായിരുന്നു.

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ‘ഇന്ത്യ’ മുന്നണി ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്തിയ മെഗാറാലി പ്രതിപക്ഷത്തിന്റെ ഐക്യകാഹളമായെങ്കിൽ അതിന്റെ മുഖ്യ അണിയറക്കാരൻ വേണുഗോപാലായിരുന്നു. ഇടഞ്ഞു നിന്ന മമതാ ബാനർജിയടക്കം ഇന്ത്യാ സഖ്യത്തിലെ 28 രാഷ്ട്രീയപാർട്ടികളെയും ഒരു വേദിയിൽ കൈകോർത്ത് നിർത്തുന്നതിൽ കെ.സി. വേണുഗോപാൽ വലിയ പങ്കാണ് വഹിച്ചത്.

സീറ്റ് വിഭജനത്തെ ചൊല്ലി ബംഗാളിൽ ഇടഞ്ഞുനിന്ന മമതയെ അനുനയിപ്പിച്ച് തൃണമൂലിന്റെ പ്രതിനിധിയെ വേദിയിലെത്തിക്കാനും കേരളത്തിൽ കോൺഗ്രസിനെതിരേ മത്സരിക്കുന്ന സി.പി.എം, സി.പി.ഐ പാർട്ടികളുടെ ജനറൽ സെക്രട്ടറിമാരെ മഹാറാലിയിൽ അണിനിരത്താനും വേണുഗോപാലിന് കഴിഞ്ഞു. രാജ്യമാകെ ഉറ്റുനോക്കിയ മഹാറാലിയിൽ നടത്തിപ്പുകാരന്റെയും മുഖ്യസംഘാടകന്റെയും സുപ്രധാന റോളിലായിരുന്നു വേണുഗോപാൽ. 
വേണുഗോപാലിന്റെ മുൻകൈയിൽ നടത്തിയ ഈ റാലിയാണ് പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ വിളംബരവും കാഹളവുമായി മാറിയത്. സംസ്ഥാനങ്ങളിൽ പരസ്പരം ഇടഞ്ഞുനിൽക്കുന്ന നേതാക്കളെയെല്ലാം ഒരു വേദിയിൽ ഇരുത്താൻ കെ.സിക്ക് കഴിഞ്ഞു. അവർക്കെല്ലാം മുൻഗണനാപ്രകാരം പ്രസംഗിക്കാൻ അവസരം നൽകുന്നതിലും കൈകോ‌ർത്ത് പിടിച്ച് ഐക്യത്തിന്റെ സന്ദേശം രാജ്യത്തിന് നൽകുന്നതിലുമെല്ലാം വേണുഗോപാലിന്റെ സംഘാടന മികവാണ് കണ്ടത്.
കേജരിവാളിന്റെ അറസ്റ്റിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ അനുകൂലമാക്കി മാറ്റാനാണ് പ്രതിപക്ഷം മഹാറാലി നടത്തിയത്. ഇതിനെത്തുടർന്നാണ് അവസാന ഘട്ട തിരഞ്ഞെടുപ്പുകളിൽ ഇന്ത്യാ സഖ്യത്തിന് കാര്യമായ മുന്നേറ്റമുണ്ടായത്. പ്രതിപക്ഷ ഐക്യത്തിന്റെ കാഹളമായി ഈ റാലി മാറി.
നട്ടുച്ച നേരത്ത് സംഘടിപ്പിച്ച മഹാറാലിക്കെത്തിയ ജനക്കൂട്ടം എല്ലാവരുടെയും പ്രതീക്ഷ തെറ്റിക്കുന്നതായിരുന്നു. ഉച്ചയായതിനാൽ നേതാക്കളുടെ പ്രസംഗം നീണ്ടുപോവാതിരിക്കാനും സംഘാടനത്തിന്റെ ചുമതലയുള്ള വേണുഗോപാലിന് പിഴവ് പറ്റിയില്ല. നേതാക്കളെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ അവതരിപ്പിച്ചു.

അതോടെ മഹാറാലി അതിന്റെ ഉദ്ദേശലക്ഷ്യങ്ങളേക്കാൾ വലിയ സ്വാധീനമാണ് ദേശീയ രാഷ്ട്രീയത്തിൽ ചെലുത്തിയത്. മഹാറാലിയുടെ അമരക്കാരനായി കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മിന്നിയത് മലയാളികൾക്കും അഭിമാനമായിരുന്നു.

തിരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്ന് സകലരും സ്വപ്‌നം കണ്ട ഇന്ത്യാ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും സംഘാടനാ പാടവം കൊണ്ട് കരയ്ക്കടുപ്പിക്കാൻ കെ.സി വേണുഗോപാലിന് കഴിഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *