തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തെതുടർന്നുണ്ടായ അതിശക്തമായ യു.ഡി.എഫ് തരംഗം  അലയടിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായതിനേക്കാൾ കടുത്ത തിരിച്ചടിയാണ് ഇക്കുറി ഇടതുമുന്നണി നേരിട്ടത്. അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇതിന് പിന്നിൽ. വലതു മുന്നണിയിൽ ഘടകക്ഷികളുടേതടക്കം വിജയം മിക്കയിടത്തും അരലക്ഷത്തിലേറെ വോട്ടുകൾക്കാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി 359170 ഭൂരിപക്ഷം നേടിയപ്പോൾ മലപ്പുറം-297132, പൊന്നാനി-235044 എന്നിങ്ങനെ ലീഗ് ഭൂരിപക്ഷം നേടി. എറണാകുളത്ത് ഹൈബിയുടെ ഭൂരിപക്ഷം 248930 ആണ്. കണ്ണൂർ- 104700, വടകര-114911, ഇടുക്കി-133277, കൊല്ലം-147216, ഇടുക്കി-133277 എന്നിവിടങ്ങളിൽ ഭൂരിപക്ഷം ലക്ഷം കടന്നു.
അവസാന റൗണ്ടെത്തിയപ്പോൾ ഭൂരിപക്ഷത്തിന്റെ സ്ഥിതി ഇങ്ങനെയാണ്- കാസർകോട്- 54255, കണ്ണൂർ- 104700, വടകര-114911, വയനാട്-359170, കോഴിക്കോട്- 145834, പാലക്കാട്-75347, ചാലക്കുടി- 63769, എറണാകുളം-248930, ഇടുക്കി-133277, ആലപ്പുഴ- 62785, മാവേലിക്കര-9953, പത്തനംതിട്ട- 55351, ആറ്റിങ്ങൽ- 2149, തിരുവനന്തപുരം-15879, മലപ്പുറം-297132, പൊന്നാനി-235044, ആലത്തൂർ- 20143, കോട്ടയം- 85477, കൊല്ലം-147216, തൃശൂർ- 74686
സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത വിധം സംഭവിച്ച വോട്ട് വ്യതിയാനം ഇടത് ആഘാതത്തിന് ആഴം കൂട്ടി. ശക്തമായ അടിയൊഴുക്കുകളുണ്ടായതിനൊപ്പം പ്രതീക്ഷിച്ച വോട്ടുകളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വോട്ട് വ്യതിയാനം 15 ശതമാനത്തോളമായി. പത്ത് ശതമാനത്തിന് മുകളിലേക്ക് രണ്ട് പ്രധാനമുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം ഉയരുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വോട്ട് വ്യത്യാസം 10ശതമാനത്തിന് മേലായിരിന്നു.  പഴുതടച്ചുള്ള സംഘടനാസംവിധാനവും ചിട്ടയായ പ്രവർത്തനവും വഴി പ്രചരണവേളയിലുണ്ടാക്കിയെടുത്ത മേൽക്കൈ ഒട്ടും തിരഞ്ഞെടുപ്പ്ഫ ലത്തിൽ പ്രതിഫലിക്കാതിരുന്നത് ഒട്ടൊന്നുമല്ല ഇടതുപക്ഷത്തെ കുഴയ്ക്കുന്നത്.
ജനവികാരം മനസ്സിലാക്കാനാവാത്ത നിലയിലേക്ക് പാർട്ടിയും ജനങ്ങളും തമ്മിലുള്ള അകലം കൂടുന്നോയെന്ന സന്ദേഹം സൃഷ്ടിക്കുന്നതാണ് ഫലം. നിശ്ശബ്ദമായ അടിയൊഴുക്കുകൾ ഇടത് വോട്ട്ബാങ്കിൽ ഗണ്യമായ ചോർച്ചയുണ്ടാക്കി. ഇതിന് കാരണം സംസ്ഥാന ഭരണത്തിനെതിരായ അതിശക്തമായ വികാരമാണെന്നാണ് വിലയിരുത്തൽ.
ഭൂരിപക്ഷവോട്ടുകളിൽ വിള്ളലുണ്ടായാലും  നിയമസഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ന്യൂനപക്ഷവോട്ടുകൾ ലഭിക്കുകയും ഭൂരിപക്ഷവോട്ടുകളിൽ തന്നെ ഇടതിന്റെ സ്വന്തം രാഷ്ട്രീയവോട്ടുകൾ ഉറപ്പിച്ചുനിറുത്തുകയും ചെയ്യുക വഴി നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണ് പിഴച്ചത്. സംസ്ഥാന സർക്കാരിനെതിരായ വികാരവുമാണ് പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നത് ഓരോ സ്ഥാനാർത്ഥിയുടെയും വിജയത്തിലുണ്ടായ തിളക്കം കൊണ്ടാണ്.
ബി.ജെ.പി വോട്ട്നിലയിൽ കാര്യമായ വർദ്ധനവുണ്ടായതും പ്രസക്തമാണ്. 2019ൽ ഒരു ശതമാനത്തോളം വർദ്ധനവ് മാത്രമാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംഭവിച്ചിരിക്കുന്നത്. 2016ൽ 14.65ശതമാനമായിരുന്നതാണ് 2019ൽ 15.57ശതമാനമായി.  
ഇപ്പോൾ 5ശതമാനത്തോളം വർദ്ധനവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഖിലേന്ത്യാതലത്തിലെ മോദിവിരുദ്ധവികാരം യു.ഡി.എഫിന് തീർത്തും അനുകൂലമായി മാറി. ന്യൂനപക്ഷവോട്ടുകളപ്പാടെ യു.ഡി.എഫിലേക്ക് ചേക്കേറി. വടകരയിലടക്കം നടത്തിയ വിദ്വേഷ പ്രചാരണങ്ങൾ എൽ.ഡി.എഫിനെ തിരിച്ചടിച്ചു.
2004ൽ ഇടതിനനുകൂലമായുണ്ടായ തരംഗത്തിൽ പോലും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുണ്ടായ വോട്ട് വ്യത്യാസം 5.63 ശതമാനമാണ്. അന്ന് എൽ.ഡി.എഫിന് 44.01ശതമാനവും യു.ഡി.എഫിന് 38.38ശതമാനവും ലഭിച്ചു. 2016ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 91സീറ്റുകൾ നേടി ഇടത് തരംഗമുണ്ടായപ്പോൾ എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ 3.28ശതമാനം വോട്ടാണ് അധികം കിട്ടിയത്. എൽ.ഡി.എഫിന് 43.42ശതമാനവും യു.ഡി.എഫിന് 38.8 ശതമാനവും. യു.ഡി.എഫിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകളിൽ ഗണ്യമായ ചോർച്ച സംഭവിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.  ഇടതുമുന്നണിയേക്കാൾ 24.72 ലക്ഷം വോട്ടുകളാണ് 2019ൽ യു.ഡി.എഫിന് അധികമായി ലഭിച്ചത്. ഇത്തവണത്തെ അന്തിമ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ

By admin

Leave a Reply

Your email address will not be published. Required fields are marked *