വടകര: വലിയ ഭൂരിപക്ഷം സമ്മാനിച്ച വടകരയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. യു.ഡി.എഫിന്റേത് രാഷ്ട്രീയവിജയമാണെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും വടകരയിലെ ജനങ്ങള്‍ക്കാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
”രാഷ്ട്രീയബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലെ ജനങ്ങള്‍ സമ്മാനിച്ചത്. വടകരയുടെ മതേതര മനസിന്റെ വിജയമാണ്. അവിടത്തെ ജനതയുടെ രാഷ്ട്രീയബോധത്തിന്റെ വിജയമാണ്. ജനാധിപത്യ-മതേതരമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ വിജയമാണ്. അതിന്റെ പരിപൂര്‍ണമായ ക്രെഡിറ്റും വടകരയിലെ ജനങ്ങള്‍ക്ക് കൊടുക്കുന്നു.
അനിവാര്യമായ വിജയത്തിന് വേണ്ടി വടകരയിലെ ജനങ്ങളെ ജനാധിപത്യ-മതേതര മാര്‍ഗത്തില്‍ സമീപിച്ച ഐക്യജനാധിപത്യ മുന്നണിയുടേയും ആര്.എം.പിയുടേയും ഉള്‍പ്പെടെ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും. ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റേയും സി.പി.എമ്മിന്റേയും വാദം തെറ്റാണെന്ന് വടകരയിലെ ജനം തെളിയിച്ചു. പാലക്കാട്ടെ ജനത അര്‍ഹിക്കുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെ കോണ്‍ഗ്രസും ഐക്യ ജനാധിപത്യമുന്നണിയും സ്വീകരിക്കും.
കെ. മുരളീധരന് തൃശൂരില്‍ പോയത് മതേതര പോരാട്ടം നടത്താനാണ്. ആ തീരുമാനത്തിന്റെ ഗുണം ഞാനുള്‍പ്പെടെ കേരളത്തിലെ ബാക്കി 19 സ്ഥാനാര്‍ഥികള്‍ക്കും കിട്ടിയിട്ടുണ്ട്. ദേശീയതലത്തില്‍ ബി.ജെ.പിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം മാറി..”- ഷാഫി പറഞ്ഞു.