‘മോദിപ്രഭ’ മങ്ങി, ഓഹരി വിപണിയിൽ കൂപ്പുകുത്തി അദാനി

പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍.19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ആദ്യ മണിക്കൂറില്‍ തന്നെ നിക്ഷേരകരുടെ നഷ്ടം 2.48 ലക്ഷം കോടി കവിഞ്ഞു. ഇതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യം 16.94 ലക്ഷം കോടിയായി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതോടെ ഇന്നലെ 19.42 ലക്ഷം കോടിയായിരുന്നു അദാനി കമ്പനികളുടെ വിപണി മൂല്യം.

അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഏതാണ്ട് 19 ശതമാനം ഇടിവ് ഈ ഓഹരികളിലുണ്ടായി.  അദാനി എന്‍റര്‍പ്രൈസസ് ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3.74 ലക്ഷം കോടിയായി കുറഞ്ഞു.

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങളെത്തുടര്‍ന്ന് ഓഹരി വിപണി ഇന്നലെ കുതിച്ചുയർന്നപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരില്‍ മുന്‍പന്തിയിലെത്തിയത് അദാനി ഗ്രൂപ്പ് ഓഹരികളായിരുന്നു.18 ശതമാനം നേട്ടമാണ് ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിപണി മൂല്യം ഇന്നലെ 1.4 ലക്ഷം കോടി വര്‍ധിച്ചിരുന്നു.അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ്സ്, എസിസി,  എൻഡിടിവി  എന്നിവ 3 ശതമാനത്തിനും 16 ശതമാനത്തിനും ഇടയിൽ ഇന്നലെ നേട്ടമുണ്ടാക്കി.  ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുമ്പുള്ള വിപണി മൂല്യം ഇന്നലെ അദാനി ഗ്രൂപ്പ് മറികടന്നിരുന്നു.

By admin

You missed