ഹരിപ്പാട്: ബുധനാഴ്ച രാവിലെ 10 മുതൽ സ്കൂളിൽ ചേരാവുന്ന വിധത്തിൽ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. ജൂൺ അഞ്ചിനെന്നാണ് ഹയർസെക്കൻഡറിവകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ചതന്നെ ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചേക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. ട്രയൽ അലോട്‌മെന്റിൽ 2,44,618 പേരാണ് ഉൾപ്പെട്ടിരുന്നത്. 2.5 ലക്ഷത്തോളം പേർ ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടുമെന്നാണ് അറിയുന്നത്.
കാൻഡിഡേറ്റ്‌ ലോഗിനിലെ ഫസ്റ്റ് അലോട്‌മെന്റ് റിസൽറ്റ് എന്ന ലിങ്കിലൂടെയാണ് പ്രവേശന സാധ്യത പരിശോധിക്കേണ്ടത്. അലോട്‌മെന്റ് ലഭിച്ചവർ ഈ ലിങ്കിലൂടെ രണ്ടുപേജുള്ള അലോട്‌മെന്റ് കത്തുപരിശോധിച്ച് തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്കൂൾ മനസ്സിലാക്കണം. അവിടെ നിശ്ചിതസമയത്തു ഹാജരാകണം. അലോട്‌മെന്റ് കത്തിന്റെ പ്രിന്റെടുക്കേണ്ടതില്ല. ചേരുമ്പോൾ സ്കൂളിൽനിന്ന് പ്രിന്റെടുത്തു നൽകും.
ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് നിർബന്ധമായും സ്ഥിരംപ്രവേശനം നേടണം. മറ്റുള്ളവർക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. അവർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫീസടക്കേണ്ടതില്ല. മൂന്ന് അലോട്‌മെന്റുകളാണ് മുഖ്യഘട്ടത്തിലുള്ളത്. രണ്ടാം അലോട്‌മെന്റിനുകൂടി ഇതേരീതിയിൽ താത്കാലിക പ്രവേശനം സാധ്യമാണ്. എന്നാൽ, മൂന്നാമത്തെ അലോട്‌മെന്റിൽ സ്ഥിരമായി സ്കൂളിൽ ചേരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *