തൃശൂർ : രാഷ്ട്രീയ എതിരാളികൾ സിനിമാക്കാരനെന്നും അവസരവാദിയെന്നുമൊക്കെ പുച്ഛിച്ച് തള്ളിയപ്പോഴെല്ലാം സുരേഷ് ഗോപി ശാന്തനായി പറഞ്ഞു- ‘ഇത്തവണ തൃശൂർ തന്നിരിക്കും’. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെയും പ്രതീക്ഷകൾ ശരിവച്ച് ചരിത്രമെഴുതുകയാണ് സുരേഷ് ഗോപി. കേരളത്തിൽ വിജയിക്കുമെന്ന് മോഡിയും സംഘവും പ്രതീക്ഷിച്ച സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി.
അഞ്ച് വർഷം തൃശൂരിൽ വീടെടുത്ത് താമസിച്ച് സുരേഷ് ഗോപി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്.  ഇത് യുദ്ധമല്ല, മത്സരമാണ്. ആ മത്സരത്തിൽ ഒരു വിജയി വേണം. ഇത്തവണ തൃശൂർകാർ എന്നെ തിരഞ്ഞെടുക്കും- പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ യാഥാ‌ർത്ഥ്യമായി മാറുകയാണ്.
മലയാള സിനിമയിലെ താരപരിവേഷവും എം.പി എന്ന നിലയിലെ പ്രവർത്തനവും ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും സുരേഷ് ഗോപിക്ക് അനുകൂലമായി. ശക്തമായ അടിയൊഴുക്കുള്ള തൃശൂർ രാഷ്ട്രീയ തന്ത്രജ്ഞനായ കെ. കരുണാകരനെപ്പോലും അടിയൊഴുക്കിലൂടെ തോൽപ്പിച്ച മണ്ണിലാണ് സുരേഷ് ഗോപിയുടെ തേരോട്ടം. അതേസമയം, തൃശൂരിൽ ബി.ജെ.പി – സി.പി.എം ഡീൽ നടപ്പായെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പ്രചാരണത്തിന്റെ തുടക്കം മുതൽ സുരേഷ് ഗോപി ആത്മവിശ്വാസത്തിലായിരുന്നു. ജനങ്ങളുടെ ജീവിതമാണ് പ്രചാരണത്തിൽ ചർച്ച ചെയ്തത്. കേന്ദ്രസർക്കാരിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്നാണ് തുടക്കം മുതൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് സുരേഷ് ഗോപി പറഞ്ഞിരുന്നത്. ആ വാക്കുകൾ സത്യമായി മാറി. ലോകം മുഴുവൻ മോദിയുടെ ഇംപാക്ട് ഉണ്ടായി. അപ്പോൾ പിന്നെ ഇന്ത്യയിൽ, കേരളത്തിൽ ഉണ്ടാകാതിരിക്കുമോ?- ഇതാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.
2016 മുതൽ താൻ തൃശൂരിലുണ്ട്. സിനിമാനടനായല്ല, രാഷ്ട്രീയ സേവകൻ എന്ന നിലയിൽ. ജനങ്ങൾക്ക് സുപരിചിതനാണ്. 2019 ൽ മത്സരിക്കാനാണ് വന്നത്. 2021 ലും മത്സരിച്ചു. ഇത്തവണ തീർച്ചയായും ജയിക്കാനാണ് വന്നത്. വിജയകിരീടം അവർക്ക് എൻ്റെ തലയിൽ അണിയിക്കാനുളള അവസരമാണിത്. ഇത്തവണ അവർ എനിയ്ക്ക് തൃശൂർ തന്നിരിക്കും. വിജയിക്കാൻ തന്നെയാണ് എൻ്റെ വരവ്- സുരേഷ് ഗോപിയുടെ ആത്മവിശ്വാസം ഇങ്ങനെയായിരുന്നു. എതിരാളികൾ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കും. എനിക്കെതിരേ കേസുകളുണ്ടാക്കും. ഇപ്പോൾ അതെല്ലാം ഉണ്ടാക്കുന്നതിൻ്റെ കാരണവുമറിയാമല്ലോ.
തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നത് ജനങ്ങളുടെ പ്രതീക്ഷയാണ്. അത് സ്വാഭാവികമാണ്. അതൊന്നും എൻ്റെ പ്രചാരണരീതിയില്ല. ജനങ്ങളുടെ ആഗ്രഹം പാടില്ലെന്ന് പറയാനാവില്ല. അത് അവരുടെ ഹൃദയവികാരമാണ്. എൻ്റെ പണത്തിനുവേണ്ടി എൻ്റെ കുടുംബം മാത്രമല്ല വലിയൊരു സമൂഹം കാത്തിരിക്കുന്നുണ്ട്. എൻ്റെ കെെയിൽ പണം വേണം. അതുകാെണ്ട് സിനിമയും എനിക്ക് അത്യാവശ്യമാണ്. പക്ഷേ, എം.പി. എന്ന നിലയിൽ മിന്നും പ്രകടം നടത്തും. അതുറപ്പാണ്.
അതേസമയം, സിനിമയും ഞാൻ ഒപ്പം ചെയ്യും. അത് അദ്ധ്വാനത്തിൻ്റെ ഭാരമാണ്. പക്ഷേ അത് ഞാൻ ചുമക്കും- സുരേഷ് ഗോപി വ്യക്തമാക്കി. 2019ലെ ലോക്‌സഭ തിര‍‍ഞ്ഞെടുപ്പിൽ കേന്ദ്രം നിർബന്ധിക്കുകയാണെങ്കിൽ താൻ മത്സരിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. സിനിമക്ക് ‌ഡേറ്ര് കൊടുത്തത് കൊണ്ട് മത്സരിക്കില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. 2019ൽ  കൊല്ലം സീറ്റിലേക്ക് മത്സരിക്കാനാണ് സുരേഷ് ഗോപിയെ പരിഗണിച്ചത്. പിന്നീട്  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ തൃശൂരിലേക്ക് കേന്ദ്രനേതൃത്വം സുരേഷിനെ നിയോഗിക്കുകയായിരുന്നു.
സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലത്തിൽ നല്ലൊരു സ്ഥാനാർത്ഥിയെ നിറുത്തണമെന്ന് പാർട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പല പേരുകളും നേതൃത്വം പരിഗണിച്ചെങ്കിലും സുരേഷ് ഗോപി നിന്നാൽ അത് നേട്ടമാകുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ.  തൃശൂരിൽ സുരേഷ് ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും നടക്കുകയെന്ന വിലയിരുത്തലിനെത്തുടർന്നായിരുന്നു 2019ൽ അദ്ദേഹത്തെ ആദ്യം സ്ഥാനാർത്ഥിയാക്കിയത്.
എൻ.ഡി.എ സ്ഥാനാർത്ഥിയായി സുരേഷ്‌ഗോപി കളത്തിലിറങ്ങിയപ്പോൾ സംസ്ഥാനത്ത് ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂർ മാറി. വിജയം അനായാസമെന്ന് കരുതിയ ഇടതുവലതുമുന്നണികൾക്ക് എൻ.ഡി.എയുടെ രാഷ്ട്രീയ ശക്തിക്ക് പുറമെ സുരേഷ് ഗോപിയുടെ താരപ്രഭാവവും മറികടക്കേണ്ടി വന്നു. സ്ഥാനാർത്ഥി സുരേഷ് ഗോപിയായായതിനാൽ ഒരു പരിചയപ്പെടുത്തലിന്റെ വെല്ലുവിളി എൻ.ഡി.എയ്ക്കുണ്ടായില്ല.
ഈഴവ-നായർ, ക്രൈസ്തവ വോട്ടുകൾ നിർണായക ശക്തിയായ തൃശൂരിൽ സുരേഷ്‌ഗോപിയുടെ സ്ഥാനാർത്ഥിത്വം സാമൂദായിക സമവാക്യങ്ങൾക്ക് കൂടി അനുകൂലമായി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ടുകളുടെ വർദ്ധന കണക്കാക്കി തങ്ങളുടെ കരുത്ത് ഇരട്ടിയായെന്ന എൻ.ഡി.എയുടെ അവകാശവാദം ശരിയാണെന്നാണ് വോട്ടെണ്ണൽ ഫലം കാണിക്കുന്നത്. യുഡിഎഫിനു കിട്ടിയിരുന്ന വോട്ടുകളാണ് ബി.ജെ.പിയിലേക്കു മറിഞ്ഞതെന്ന് വാദിക്കുന്നവരുണ്ട്.
എം.പിയാവാൻ സുരേഷ് ഗോപി സർവഥാ യോഗ്യനാണെന്ന് ഇടതു മുന്നണി ഭരിക്കുന്ന തൃശൂർ കോർപ്പറേഷനിലെ മേയർ എം.കെ.വർഗീസ് പറഞ്ഞത് വെറുതേയായില്ല. സുരേഷ് ഗോപി എം.പിയാവാൻ ഫിറ്റായ വ്യക്തിയാണെന്നാണ് മേയർ പറഞ്ഞത്.  ജനങ്ങളുടെ ഇടയിൽ നിൽക്കുന്ന ആളാണ്. കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകി എന്നിങ്ങനെ സുരേഷ് ഗോപിയെ പുകഴ്ത്തി.
ശക്തൻ നഗർ മാർക്കറ്റ് നവീകരണത്തിന് എം.പിയായിരിക്കെ ഒരു കോടി രൂപ സുരേഷ് ഗോപി നൽകിയിരുന്നു. സുരേഷ് ഗോപി നീതി വാങ്ങിനൽകുന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന സിനിമാ കഥാപാത്രത്തിൽ നിന്ന് ഭാരതപുത്രൻ എന്ന നിലയിലേക്ക് മാറിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ യഥാർത്ഥ വിജയം സിനിമയ്‌ക്കപ്പുറത്ത് ആലംബഹീനരായ സാധാരണക്കാരന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ്. സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നു. ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമാണ്. രാഷ്ട്രീയ അധികാരമല്ല. മറിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയാണ്. യഥാർത്ഥ ശക്തി ഉണ്ടാവുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണെന്നും ഗവർണ‍ർ ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed