ഭോപ്പാൽ: മധ്യപ്രദേശ് ബി.ജെ.പി തൂത്തുവാരുമ്പോഴും ഇൻഡോർ ‘നോട്ട’ പ്രതിഷേധം കൊണ്ട് കൗതുകമാകുകയാണ്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾക്കുമുൻപ് കോൺഗ്രസ് സ്ഥാനാർഥി മത്സരത്തിൽനിന്നു പിന്മാറി ബി.ജെ.പിയിൽ ചേർന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു ഇൻഡോർ. പിന്നാലെ വോട്ട് ‘നോട്ട’യ്ക്ക് രേഖപ്പെടുത്താൻ കോൺഗ്രസ് ആഹ്വാനവും വന്നിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 1,71,309 വോട്ടാണ് നോട്ടയ്ക്കു ലഭിച്ചത്.
ബി.ജെ.പി സ്ഥാനാർഥി ശങ്കർ ലാൽവാനി ഇവിടെ ഏഴു ലക്ഷം വോട്ടിനു മുന്നിട്ടുനിൽക്കുകയാണ്. പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് നോട്ടയാണെന്നതാണു ശ്രദ്ധേയം. മൂന്നാം സ്ഥാനത്തുള്ള ബി.എസ്.പിയുടെ സഞ്ജ സോളങ്കിക്ക് 37,723 വോട്ടാണു ലഭിച്ചത്. ഇവിടെ അക്ഷയ് കാന്തി ബാം ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ, വോട്ടെടുപ്പിന് തൊട്ടരികെ നിൽക്കെ അക്ഷയ് മറുകണ്ടം ചാടി ബി.ജെ.പിയിലെത്തുകയായിരുന്നു.

നോട്ടയ്ക്കു വോട്ട് നൽകി പ്രതിഷേധം അറിയിക്കാനാണ് കോൺഗ്രസ് അന്ന് ആഹ്വാനം ചെയ്തിരുന്നത്. മുൻ ലോക്‌സഭാ സ്പീക്കറും ബി.ജെ.പി നേതാവുമായ സുമിത്ര മഹാജനും ഈ കൂടുമാറ്റത്തിൽ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ പ്രധാന സ്ഥാനാർഥി ഇത്തരത്തിൽ മത്സരത്തിൽനിന്നു പിന്മാറി ബി.ജെ.പിയിൽ ചേർന്നത് ഞെട്ടിപ്പിക്കുന്നുവെന്നാണ് സുമിത്ര പ്രതികരിച്ചത്. ഇതു സംഭവിക്കരുതായിരുന്നുവെന്നും അവർ വിമർശിച്ചു.
വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ മധ്യപ്രദേശ് സമ്പൂർണമായി തൂത്തുവാരിയിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച ഏക സീറ്റായ ചിന്ദ്‌വാരയും പിടിച്ച് 29 സീറ്റും കാവിനിറമണിഞ്ഞിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *