സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പ്രശ്നബാധിത മേഖലകളിൽ അതാത് ജില്ലാ കളക്ടർമാർകർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിൻ്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇവിഎമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളുണ്ടാകും. ഇതിനു പുറമെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും. ഇടിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ്) എണ്ണുന്നതിന് 10 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍ടെക്കില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും ജില്ലാ കലക്ടറുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് വോട്ടെണ്ണല്‍ ഒരുക്കങ്ങളുടെ അവസാന ഘട്ട വിലയിരുത്തല്‍ നടത്തി.പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിങ്ങ്, വോട്ടെണ്ണല്‍ നിരീക്ഷകരായ അഭയ് നന്ദകുമാർ കാർഗ്ടുക്കർ, ഭൂപേന്ദ്ര സിങ് പരാസ്തെ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങളും ക്രമീകരണങ്ങളും നേരിട്ട് വിലയിരുത്തി.
ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും അതിന്റെ ഫലം ഉടന്‍ തന്നെ നല്‍കണമെന്നും അനാവശ്യ താമസം വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിങ്ങ് നിര്‍ദേശിച്ചു. വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ അച്ചടക്കം പാലിക്കുന്നതിലും അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.