ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ വേട്ടെണ്ണൽ പുരോഗമിക്കുന്നു. രാവിലെ 6 മണി മുതൽ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചൽ പ്രദേശിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രാദേശിക പാർട്ടികൾ തമ്മിലാണ് സിക്കിമിൽ മത്സരം.
താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ് അരുണാചൽ പ്രദേശും, സിക്കിമും. വാശി ഏറിയ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിനാണ് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്. 60 നിയമസഭ മണ്ഡലങ്ങളാണ് അരുണാചൽ പ്രദേശിൽ ഉള്ളത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും അടക്കം പത്ത് പേർ എതിരില്ലാതെ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടു എന്നത് ബിജെപി ആത്മവിശ്വാസം വർധിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് നടന്ന ബാക്കി 50 സീറ്റിൽ മികച്ച മത്സരമാണ് കോൺഗ്രസ് കാഴ്ച വെച്ചത്.
32 മണ്ഡലങ്ങളുള്ള സിക്കിമിൽ പ്രാദേശിക പാർട്ടികൾ തമ്മിലാണ് മത്സരം. നിലവിൽ ഭരണം സിക്കിം ക്രാന്തികാരി പാർട്ടിയുടെ കയ്യിലാണ്. ഇത് തിരിച്ചു പിടിക്കാനാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ശ്രമം. വലിയ ശക്തികൾ അല്ലെങ്കിലും കോൺഗ്രസും ബിജെപിയും സിറ്റിസൺ ആക്ഷൻ പാർട്ടിയും സംസ്ഥാനത്ത് മത്സരംഗത്തുണ്ട്.
മുഖ്യമന്ത്രി പ്രേം സിങ് തമാങിന്റെ നേതൃത്വത്തിലാണ് സിക്കിം ക്രാന്തികാരി പാർട്ടിയുടെ ഭരണം നിലനിർത്താനുള്ള പോരാട്ടം. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിംഗിന്റെ നേതൃത്വത്തിലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാനം തിരിച്ച് പിടിക്കാൻ രംഗത്തുള്ളത്. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാർത്ഥിയാണ്.