ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്നാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നു രാത്രി പുറത്തുവരും. എന്നാല്‍ ഇന്ത്യയുടെ അടുത്ത ഭരണം ആര്‍ക്കെന്നു തീര്‍ച്ചപ്പെടുത്താന്‍ വോട്ടെണ്ണുന്ന നാലാം തീയതി വരെ കാത്തിരിക്കണം.
സ്വതന്ത്ര ഭാരതത്തില്‍ മുമ്പൊരിക്കലും കാണാത്ത പ്രചാരണ തന്ത്രങ്ങള്ക്കാണു തിരശീല വീണത്. ആരു ഭരിച്ചാലും രാജ്യം പുരോഗതിയും സമാധാനവും നേടണമെന്ന് ആഗ്രഹിക്കുന്നവരാണു കൂടുതല്‍.
വിസ്മയകരമായ ഇന്ത്യന്‍ ജനവിധിയുടെ പൊരുളറിയാന്‍ രാജ്യവും ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്ന നേതാക്കളുടെ ചങ്കിടിപ്പാകും കൂടുതല്‍. പ്രധാനമായും നാലു സാധ്യതകളാണ് ചൊവ്വാഴ്ച ഇന്ത്യയെ കാത്തിരിക്കുന്നത്.
നരേന്ദ്ര മോദി ഹാട്രിക് വിജയം നേടി വീണ്ടും അധികാരത്തിലെത്തുകയാണ് ഒന്നാമത്തേത്. അങ്ങിനെയെങ്കില്‍ ഭൂരിപക്ഷം കുറയുമോ കൂടുമോയെന്നതു പ്രധാനമാകും. മോദിയെ താഴെയിറക്കി കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും അധികാരം പിടിക്കുകയാണു രണ്ടാമത്തെ സാധ്യത.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയാണു മൂന്നാമത്തേത്. രാജ്യം തീരെ ആഗ്രഹിക്കുന്നില്ലെങ്കിലും വളരെ നേരിയ ഭൂരിപക്ഷം ഒപ്പിച്ചെടുത്ത് ഏതെങ്കിലുമൊരു മുന്നണി സ്ഥിരതയില്ലാത്ത ഭരണത്തിനു തുടക്കമിടുകയെന്ന സാധ്യതയും നിലവിലുണ്ട്. കാലാവധി തികയ്ക്കാതെ സര്‍ക്കാര്‍ നിലംപൊത്തുമോയെന്നതാകും മൂന്നും നാലും സാധ്യതകളിലെ ചോദ്യം.
അതിശയിപ്പിക്കുന്ന വോട്ടര്‍മാര്‍
പ്രത്യേകിച്ചൊരു തരംഗം പുറമേയെങ്കിലും ദൃശ്യമല്ലാതിരുന്ന പൊതുതെരഞ്ഞെടുപ്പിനാണു രാജ്യം സാക്ഷിയായത്. എന്നാല്‍ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്നതില്‍ സംശയിക്കാനില്ല. മിക്ക തെരഞ്ഞെടുപ്പുകളിലും അത്ഭുതം കാട്ടിയ ഇന്ത്യയിലെ വോട്ടര്‍മാര്‍ ഇത്തവണ എങ്ങനെയാകും അതിശയിപ്പിക്കുകയെന്നാണ് അറിയാനുള്ളത്.
എക്സിറ്റ് പോളുകളുടെ ഫലം ഇന്നു രാത്രിയോടെ വരുമെങ്കിലും അതിനു വിശ്വാസ്യത കുറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് സര്‍വേകളും എക്സിറ്റ് പോളുകളും തെറ്റിയ നിരവധി അവസരങ്ങളുണ്ട്. ചിലതൊക്കെ ശരിയാകാം, ശരിയാകാതിരിക്കാം.
പ്രവചനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല. അത്രയേറെ സങ്കീര്‍ണമാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇന്ത്യ സഖ്യത്തിനാണു ഭരണമെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ലെന്നാണ് അഭ്യൂഹം. അങ്ങിനയെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്ഗെയ്ക്കാകും മുന്‍തൂക്കം.
എക്സിറ്റ് പോളുകളും പോരാ
എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചനയാകുമെങ്കിലും രാഷ്ട്രീയ ചിത്രം തെളിയാന്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വരും. രാജ്യത്തിന്റെയും ജനതയുടെയും ഭാവിയില്‍ അതീവ നിര്‍ണായകമാകും തെരഞ്ഞെടുപ്പു ഫലം. ആഗോള തലത്തിലും പ്രതിഫലനങ്ങളുണ്ടാകും.
വികസനം, സാമ്പത്തിക വളര്‍ച്ച എന്നിവയെക്കാളേറെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സമാധാനവും വരെയുള്ളവയെ പുതിയ സര്‍ക്കാര്‍ സ്വാധീനിക്കും. രാജ്യത്തെ രക്ഷിക്കാനുള്ള അവസാന അവസരമാണെന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് മുന്നറിയിപ്പു നല്‍കിയതില്‍ ചിലതുണ്ട്.
ജാതിയും മതവും മുതല്‍ അസത്യപ്രചാരണങ്ങളും ദുരാരോപണങ്ങളും വിദ്വേഷ പരാമര്‍ശങ്ങളും വരെ പലതരത്തിലുള്ള ധ്രുവീകരണങ്ങള്‍ക്കു മറയില്ലാതെ ശ്രമങ്ങളുണ്ടായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പ്രധാനമന്ത്രി വരെ വര്‍ഗീയ ഭിന്നതകള്‍ വളര്‍ത്താന്‍ ഗോപ്യമല്ലാതെ തുനിഞ്ഞിറങ്ങിയെന്നതു രാഷ്ട്രീയത്തിലെ ദുരന്തമാണ്. പാലിക്കാതിരുന്നവയുടെ ലിസ്റ്റുള്ളപ്പോഴും പുതിയ കപട വാഗ്ദാനങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം ചെയ്ത ഭരണത്തില്‍ കാര്‍ഷിക പ്രതിസന്ധിയും വിലത്തകര്‍ച്ചയും കര്‍ഷകരുടെ നടുവൊടിച്ചു.
ഗാന്ധിജിയെ നിന്ദിക്കരുത്
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പ്രധാനമന്ത്രി മോദി വലിച്ചിഴച്ച് ആക്ഷേപിച്ചതു നിസാരമല്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെക്കുറിച്ചു ലോകം അറിഞ്ഞത് ‘ഗാന്ധി’ സിനിമയ്ക്കു ശേഷമാണെന്ന മോദിയുടെ പരാമര്‍ശം തീര്‍ത്തും തെറ്റും വിവരക്കേടും നിന്ദയുമാണ്. അഹിംസയുടെയും സമാധാനത്തിന്റെയും പ്രത്യാശ കൂടിയായ ഗാന്ധിജി ഇന്നും ജനകോടികളുടെ ആവേശമാണ്. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തിനു മുന്നിലും 80 ലോകരാജ്യങ്ങളിലും ഗാന്ധിജിയുടെ പ്രതിമകളുണ്ട്.
1930ല്‍ പോലും ടൈം വാരികയുടെ മുഖചിത്രം ആയിരുന്നു ഗാന്ധിജി. ടൈം വാരികയില്‍ അടക്കം നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ പിന്നീടും പ്രധാന വാര്‍ത്താതാരമായിരുന്നു ഗാന്ധിജി. ജപ്പാനിലെ ഹിരോഷിമയില്‍ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തതു പ്രധാനമന്ത്രി മോദിയാണ്.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു അത്. 2019 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയില്‍ ഡര്‍ബനിലുള്ള ഫീനിക്സിലെ ഗാന്ധി ആശ്രമത്തില്‍ ഗാന്ധിപ്രതിമ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അനാച്ഛാദനം ചെയ്തതിനു ലേഖകന്‍ സാക്ഷിയായതു മറക്കില്ല. ദിവസങ്ങള്‍ക്കു മുമ്പ് അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ അവിടെ സന്ദര്‍ശകരുടെ നീണ്ട നിര കാണാനായി.
ജി 20 ഉച്ചകോടിക്കെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അടക്കമുള്ള ലോകനേതാക്കളോടൊന്നിച്ചു കഴിഞ്ഞ ഒക്ടോബറില്‍ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലിയര്പ്പിച്ചതു സാക്ഷാല്‍ മോദിയാണ്.
ഇന്ത്യ സന്ദര്‍ശിക്കുന്ന എല്ലാ ലോകനേതാക്കളും രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതു പതിവാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അഹമ്മദാബാദിലെ ഗാന്ധി ആശ്രമത്തില്‍ കൊണ്ടുപോയതും മോദിയാണ്.
ധ്യാനത്തിലും വിവാദങ്ങള്‍
വിവാദങ്ങള്‍ സൃഷ്ടിച്ചു വാര്‍ത്തയില്‍ നിറഞ്ഞുനില്ക്കാന് മോദി മുന്നിലാണ്. മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രചാരണം തീര്‍ന്നപ്പോള്‍ കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലെത്തി ധ്യാനം തുടങ്ങിയതും മോദി വ്യത്യസ്തമാക്കിയില്ല. 1892ല്‍ വിവേകാനന്ദ പാറയിലേക്കു നീന്തിച്ചെന്ന് മൂന്നു ദിവസം ധ്യാനത്തിലിരുന്ന സ്വാമി വിവേകാനന്ദനെ അനുകരിക്കാനാകും മോദിയുടെ ശ്രമം.
സ്വയം ദൈവാവതാരമെന്നു വിശേഷിപ്പിക്കുന്ന മോദിക്ക് അധികാരവും പ്രശസ്തിയും തലയ്ക്കു പിടിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. പ്രധാനമന്ത്രി ധ്യാനിക്കുന്നതു നല്ലതാണ്. എന്നാല്‍, അതിന്റെ ഫോട്ടോകളെടുത്തു പ്രചാരണത്തിനു നല്‍കിയതിലാണു ലക്ഷ്യം വിവാദമായത്. 33 വര്‍ഷം മുമ്പു മോദി വിവേകാനന്ദ പാറ സന്ദര്‍ശിച്ചതിന്റെ ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്.
2019ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം വോട്ടെണ്ണലിനു മുമ്പായി കേദാര്‍നാഥിലെ ഗുഹയിലെത്തി കാവിയുടുത്ത് ധ്യാനിക്കുന്ന മോദിയുടെ ഫോട്ടോകള്‍ പ്രചരിപ്പിച്ചതു മറക്കരുതല്ലോ. അന്നു കിട്ടിയ പബ്ലിസിറ്റിയും പിന്നീടുവന്ന വന്‍വിജയവും മോദിക്കു ലഹരിയായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തരാഖണ്ഡിലെ ആദി കൈലാഷ് ക്ഷേത്രത്തിനു മുന്നിലിരുന്നു ഹിമപര്വതങ്ങളെ നോക്കി 25 മിനിറ്റ് ധ്യാനിച്ചപ്പോഴും ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പഞ്ഞമുണ്ടായില്ല.
വിവേകാനന്ദ പാറയിലെ ധ്യാനം അവസാനിപ്പിച്ച് ഇന്നുച്ചയ്ക്കു തിരുവനന്തപുരം വഴി ഡല്‍ഹിക്കു പറക്കുന്ന മോദിയുടെ മനസില്‍ പുതിയ പല മോഹങ്ങളും ഉണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പൂജാരിമാര്‍ ചെയ്യേണ്ട പ്രാണപ്രതിഷ്ഠ സ്വയം നടത്തിയ മോദിക്ക് ഭക്തിയും വിശ്വാസവും മതവുമെല്ലാം രാഷ്ട്രീയനേട്ടങ്ങള്‍ക്കുള്ള കുറുക്കുവഴികളാകുന്നതാണ് ആപത്ത്.
അട്ടിമറികളുടെ രാഷട്രീയം
രാഷ്ട്രീയത്തില്‍ തനിയാവര്‍ത്തനങ്ങളും വന്‍ തിരിച്ചടികളും പുത്തരിയല്ല. എന്നാല്‍ വലിയ മാറ്റങ്ങളാണ് മോദിയുടെ കാലം സമ്മാനിച്ചത്. അതിനാല്‍ പുതിയ ജനവിധിക്കു പ്രാധാന്യമേറെയുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷന് മുതല്‍ കേന്ദ്ര ഏജന്‍സികളും ചില ന്യായാധിപന്മാരും വരെ സംശയത്തിന്റെ നിഴലിലുള്ള 2024ലെ തെരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ ഉണ്ടാകുമോയെന്നതും ചോദ്യമാണ്. തെരഞ്ഞെടുപ്പു കാലം കഴിയുന്നതോടെയെങ്കിലും രാജ്യകാര്യങ്ങളിലേക്കു തിരിയാന്‍ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ തയാറാകട്ടെ.
അധികാരം പിടിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത രാഷ്ട്രീയ നേതാക്കളുടെ കാലത്ത് ജനങ്ങളാണു വിഷമവൃത്തത്തിലാകുക. രാജ്യത്തിന്റെ വികസനവും പുരോഗതിയും സമാധാനവും ഉറപ്പാക്കുന്ന ജനപ്രതിനിധികളെയും സര്‍ക്കാരിനെയും തെരഞ്ഞെടുക്കാന്‍ കഴിഞ്ഞെങ്കില്‍ രാജ്യത്തെ സാധാരണ വോട്ടര്‍മാര്‍ക്ക് സല്യൂട്ട് നല്‍കാം. ഇന്ത്യ ജയിക്കട്ടെ.