കണ്ണൂര്‍: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ സ്വദേശിയായ കാബിന് ക്രൂ പിടിയില്‍. എയര്‍ഇന്ത്യ എക്സപ്രസിലെ സീനിയര്‍ കാബിന് ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് (33) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്.
ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. കേസില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റ് സുരഭി ഖാത്തൂണ്‍ പിടിയിലായിരുന്നു.
850 ഗ്രാം സ്വർണം കടത്താൻ ഒത്താശ ചെയ്തതു സുഹൈലാണെന്നു ഡിആർഐ അറിയിച്ചു. സുരഭി ഖാത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡി.ആര്.ഐയുടെ കണ്ടെത്തല്‍.