ചങ്ങനാശേരി: ഇതര സംസ്ഥാനക്കാരൻ്റെ  മരണവുമായി ബന്ധപ്പെട്ട്  മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ(29), എറണാകുളം തലക്കോട് പൈനുങ്കൽപാറ ഭാഗത്ത് കൊല്ലേവേലിച്ചിറ വീട്ടിൽ പ്രശാന്ത് കെ.പി (29), മാടപ്പള്ളി പെരുമ്പനച്ചിറ പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ പ്രസാദ് പി.കെ (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21 ന് പുലർച്ചെ 4.15 ന് ജ്യോതിഷ് കുമാറിന്റെ വീടിന്റെ അടുക്കള വശത്ത് ഉദ്ദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇതര സംസ്ഥാനക്കാരനെ കണ്ടതിനെ തുടർന്നു വീട്ടമ്മ ബഹളം വെക്കുകയായിരുന്നു. തുടർന്ന് ഇയാൾ കയ്യിൽ കരുതിയ കത്തി കാട്ടി രക്ഷപെടാൻ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പ്രതികൾ ഇയാളെ മൺവെട്ടി, ഭരണി, തടിക്കഷണം തുടങ്ങിയവ ഉപയോഗിച്ച്  ആക്രമിക്കുകയായിരുന്നു. ഇതിൽ പരുക്കേറ്റ ഇതര സംസ്ഥാനക്കാരനെ  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെ ഇയാൾ മരണപ്പെടുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ്.എച്ച്.ഒ ജി അനൂപിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ പോലീസിനു സാധിച്ചിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *