ബംഗളൂരു: ഒരാഴ്ചയ്ക്കിടെ രണ്ട് പേരെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
ബനശങ്കരി സ്വദേശിയായ ഗിരീഷ് ആണ് അറസ്റ്റിലായത്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. അടിപ്പാതയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് നേരെ മദ്യലഹരിയില്‍ കല്ലെറിയുന്നതിനായിരുന്നു ഇയാളുടെ രീതി.
മെയ് 12 ന് ജയനഗര്‍ ബ്ലോക്കില്‍ ഒരാളെ വലിച്ചിഴച്ച് തലയില്‍ കൂറ്റന്‍ കല്ലിട്ട് ഗിരീഷ് കൊലപ്പെടുത്തിയിരുന്നു. സിഗരറ്റ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരയെ ഗിരീഷ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബനശങ്കരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മെയ് 18 ന് സിറ്റി മാര്‍ക്കറ്റിന് പിന്നില്‍ സമാനമായ രീതിയില്‍ മറ്റൊരാളെയും ഇയാള്‍ കൊലപ്പെടുത്തി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഗിരീഷ് കൂട്ടാളിയായ സുരേഷിനെ കൊലപ്പെടുത്തിയത്. വാക്കേറ്റത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന സുരേഷിനെ ഗിരീഷ് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.
ഇതോടെ മറ്റൊരു കൊലക്കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തെരുവില്‍ ഉറങ്ങിക്കിടന്നവരെ ഗിരീഷ് കൊള്ളയടിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.