തൃശൂര്‍: കാഞ്ഞാണിയില്‍ യുവതിയുടെയും ഒന്നര വയസായ മകളുടെയും മൃതദേഹം കനോലി കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃമാതാവ് അനിത (57), അഖിലിന്റെ സഹോദരന്‍ അഷില്‍ (30) എന്നിവരാണ് അറസ്റ്റിലായത്. 
ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇരുവരുടെയും പേരില്‍ കേസെടുത്തത്. ഭര്‍ത്താവ് അഖിലിന്റെയും കൃഷ്ണപ്രിയയുടെ വീട്ടുകാരുടെയും പരാതിയിലാണ് അറസ്റ്റ്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യ കൃഷ്ണപ്രിയ (24), മകള്‍ പൂജിത എന്നിവരുടെ മൃതദേഹമാണ് ഏപ്രില്‍ 30-ന് രാവിലെ മണലൂരിലെ പാലാഴി ഭാഗത്ത് കനോലിക്കനാല്‍ ത്തീരത്ത് കണ്ടെത്തിയത്.
കാഞ്ഞാണി ആനക്കാട് കുന്നത്തുള്ളി പത്മനാഭന്റെയും ഷൈലജയുടെയും മകളാണ് മരിച്ച കൃഷ്ണപ്രിയ. 29ന് ഉച്ചയ്ക്ക് രണ്ടു മുതലാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. ഫോണ്‍ വന്നതിനെത്തുടര്‍ന്ന് കാഞ്ഞാണി ആനക്കാട്ടുള്ള വീട്ടില്‍നിന്ന് അന്തിക്കാട് കല്ലിടവഴിയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ യുവതിയും കുഞ്ഞും രാത്രിയായിട്ടും എത്തിയില്ല. 
തുടര്‍ന്ന് ഭര്‍ത്താവ് അന്തിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെ പിറ്റേന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാഞ്ഞാണിയിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് മരിച്ച കൃഷ്ണപ്രിയ. നാലുവര്‍ഷം മുമ്പാണ് അഖിലും കൃഷ്ണപ്രിയയും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
വിവാഹശേഷം ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും സ്ത്രീധനം പോരെന്നുപറഞ്ഞ് യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *