ബെംഗളൂരു: പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് അന്വേഷണസംഘം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ബ്ലൂ കോർണർ നോട്ടിസ് ഇറക്കിയിട്ടും പ്രജ്വൽ രേവണ്ണയെ പിടികൂടാനാകാത്തതിനു പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യയിലേക്ക് മടങ്ങിവരാനും ലൈംഗികാരോപണ കേസ് അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി കുടുംബത്തിന്റെ അന്തസ് സംരക്ഷിക്കാനും എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രജ്വലിനോട് അഭ്യർ‌ഥിച്ചിരുന്നു.
കേസ് സിബിഐക്ക് കൈമാറണമെന്നും വിഡിയോകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ബിജെപിയുടെയും ജെഡിഎസിന്റെയും ആവശ്യം.
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ബിജെപി നേതാവ് ജി.ദേവരാജെ ഗൗഡയും തമ്മിലുള്ള ഓഡിയോ ടേപ്പുമായി ബന്ധപ്പെട്ട് ശിവകുമാറിനെതിരെ നടപടിയെടുക്കണമെന്ന് കുമാരസ്വാമി സിദ്ധരാമയ്യയോട് അഭ്യർഥിച്ചു.
തന്നെ ലൈംഗികാരോപണ കേസിൽ കുടുക്കാൻ ശിവകുമാർ ഗൗഡയ്ക്ക് പണം വാഗ്‌ദാനം ചെയ്‌തതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു മുന്നോടിയായി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന നിരവധി വിഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് കടന്നത്. കർണാടകയിലെ ഹാസനിലെ ജെഡി(എസ്)-ബിജെപി സംയുക്ത സ്ഥാനാർഥിയായിരുന്നു പ്രജ്വൽ രേവണ്ണ.

By admin

Leave a Reply

Your email address will not be published. Required fields are marked *